45 രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു

Thursday 23 July 2020 12:00 AM IST
കെ.സി. വേണുഗോപാൽ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചേംബറിൽ നടന്ന ചടങ്ങിൽ 45 രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു. അദ്ധ്യക്ഷ്യൻ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ജൂൺ 24ന് 20 സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 61 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത ശരത് പവാർ (എൻ.സി.പി), ദിഗ്‌വിജയ് സിംഗ്(കോൺഗ്രസ്), ഭുവനേശ്വർ കാലിത(ബി.ജെ.പി), കേന്ദ്ര മന്ത്രി രാമദാസ് അത്താവലെ(ആർ.പി.ഐ) തുടങ്ങിയവരടക്കം 12 പേർ സിറ്റിംഗ് അംഗങ്ങളാണ്. ബി.ജെ.പി ടിക്കറ്റിൽ ജയിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. സഭാ സമ്മേളനമില്ലാതെ ചേംബറിൽ സത്യപ്രതിജ്ഞ ഇതാദ്യം..