മോർട്ടർവണ്ണിലെ 'ചെറിയ' 'വലിയ' ഭാഗ്യം
Thursday 23 July 2020 2:07 AM IST
റോം: എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇറ്റലിയിലെ കുഞ്ഞ് ഗ്രാമമായ മോർട്ടർവണിലേക്ക് ആ 'വലിയ' ഭാഗ്യമെത്തി. ഇറ്റലിയിലെ തന്നെ ഏറ്റവും ചെറിയ ഗ്രാമമായ മോർട്ടർവണ്ണിൽ 29 പേർ മാത്രമാണുള്ളത്. അത്രയും ചുരുങ്ങിയ ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ എട്ട് വർഷത്തിനിടെ ഒരു കുഞ്ഞ് പിറന്നിരിക്കുകയാണ്. അലെക്സാൻഡ്രോ മൻസോനി ആശുപത്രിയിൽ പിറന്ന കുഞ്ഞിന് ഡെനിസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇറ്റാലിയൻ സംസ്‌കാരപ്രകാരം ഒരു കുഞ്ഞ് ജനിച്ചതിനു ശേഷം റിബണിലെഴുതി കുഞ്ഞിന്റെ പേര് പ്രദർശിപ്പിക്കും.
നീല റിബണിലാണ് ഡെനിസിന്റെ പേര് പ്രദർശിപ്പിച്ചത്. കൊവിഡ് കാലത്തെ ഗർഭധാരണം വലിയ കഷ്ടതകൾ നിറഞ്ഞതായിരുന്നുവെന്ന് ഡെനിസിന്റെ അമ്മ പറഞ്ഞു.രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് വ്യാപിച്ചപ്പോഴും മോർട്ടർവൺ ഗ്രാമത്തിൽ രോഗബാധയെത്തിയിരുന്നില്ല.