കൊവിഡ് ട്രീറ്റ് മെന്റ് സെന്ററുകൾക്ക് ഫണ്ടില്ലാതെ പഞ്ചായത്തുകൾ

Wednesday 22 July 2020 9:15 PM IST

പത്തനംതിട്ട: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ഒരുക്കാൻ ഫണ്ടില്ലാതെ പഞ്ചായത്തുകൾ വലയുന്നു. ജില്ലാ ദുരന്ത നിവാരണ വിഭാഗം മുഖേന പണം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെങ്കിലും പ്രാഥമിക ചെലവുകൾക്ക് പല പഞ്ചായത്തുകളിലും പണമില്ല. തനത് ഫണ്ടിൽ നിന്ന് ചെലവാക്കാനാണ് കളക്ടർമാർ നൽകിയ നിർദേശം. പക്ഷെ തനത് ഫണ്ടുപോലും ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് പഞ്ചായത്തുകൾ. കൊവിഡ് സെന്ററുകളുടെ നടത്തിപ്പിന് സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തലാണ് പഞ്ചായത്ത് കമ്മിറ്റികൾ.

ഒാരോ പ്രദേശത്തും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവയ്ക്ക് സമീപത്തായി കൊവിഡ് സെന്ററുകൾ ഒരുക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. ഇതിന് സ്വകാര്യ കെട്ടിടങ്ങളും ആഡിറ്റോറിയങ്ങളും സ്കൂളുകളും ഏറ്റെടുക്കേണ്ടി വരും. ഇത് വാടകയ്ക്കാണോ സൗജന്യമായാണോ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ചില സ്വകാര്യ സ്ഥാപനങ്ങൾ വാടക ചോദിക്കുന്നുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു. കെട്ടിടങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതും തദ്ദേശ സ്ഥാപനങ്ങളുടെ ചെലവിലാണ്.

ഏറ്റെടുക്കുന്ന കെട്ടിടങ്ങളിൽ രോഗികൾക്കാവശ്യമായ കിടക്കകൾ, ബെഡ് ഷീറ്റ്, തലയണ, തോർത്ത്, പ്ളേറ്റ്, സോപ്പ് തുടങ്ങി 48 ഇനങ്ങൾ ഒരുക്കണം. ഇവയിൽ രോഗികൾക്ക് രണ്ട് ദിവസത്തിലധികം ഉപയോഗിക്കാൻ കഴിയാത്തവയുണ്ട്. ഡാേക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേകം മുറികൾ സജ്ജീകരിക്കണം.

വീടുകളിൽ ഒഴിഞ്ഞുകിടക്കുന്ന കട്ടിലുകൾ കൊവിഡ് സെന്ററുകളിലെത്തിക്കുന്ന പഞ്ചായത്തുകളുണ്ട്. മറ്റ് സാധനങ്ങൾ വിലയ്ക്കു വാങ്ങേണ്ടി വരും. ഇതിനുള്ള ഫണ്ട് കണ്ടെത്താനാണ് പഞ്ചായത്തുകൾ വിഷമിക്കുന്നത്. ഒരു രോഗിയെ കൊവിഡ് സെന്ററിൽ 14 ദിവസം പാർപ്പിക്കണം.

----------

സെന്ററുകൾക്ക് ചെലവാക്കേണ്ട തുക

100 കിടക്കകൾ- 25 ലക്ഷം

100-200 കിടക്കകൾ - 40 ലക്ഷം

200ന് മുകളിൽ- 60ലക്ഷം.

---

'' കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റുകൾ നടത്തുന്നതിന് മതിയായ ഫണ്ടില്ല. നാടിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. സ്പോൺസർഷിപ്പിലൂടെയും സംഭാവനകൾ കണ്ടെത്തിയും കൊവിഡ് സെന്ററുകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും.

പ്രവീൺ പ്ളാവിള, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.

'' രോഗികൾക്കൊപ്പം ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം. ഡോക്ടർമാർക്കും ജീവനക്കാർക്കും പി.പി.ഇ കിറ്റുകൾ ലഭ്യമാക്കണം. സ്വകാര്യമുറികൾ സജ്ജീകരിക്കണം.

സുരേഷ് കുഴുവേലിൽ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.