ആറൻമുള വള്ളസദ്യ ഇക്കൊല്ലമില്ല, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനമാവാം

Thursday 23 July 2020 12:00 AM IST

തിരുവനന്തപുരം :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ ആറൻമുള വള്ളസദ്യ ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.ഇക്കാര്യം ആറൻമുള പള്ളിയോട സേവാസംഘത്തെ അറിയിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. ആഗസ്റ്റ് 4 നാണ് വള്ളസദ്യ തുടങ്ങേണ്ടിയിരുന്നത്.

ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിൽ നട തുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താം. ഒരേ സമയം 5 പേരിൽ കൂടാതെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണിത്. ഭക്തർക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. വഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടർ വഴി നൽകും.കണ്ടൈൻമെന്റ് സോൺ,റെഡ് സോൺ, ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങളിൽ ഇത് ബാധകമല്ലെന്ന് പ്രസിഡന്റ് പറഞ്ഞു.