ചുരംപാതയിൽ പത്തിടത്ത് മണ്ണിടിച്ചിൽ, അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് ബദൽ റോഡ് വേണമെന്ന ആവശ്യം ശക്തം
പാലക്കാട്: ഈ മഴക്കാലത്തും അട്ടപ്പാടിക്കാരുടെ യാത്ര ഏറെ അപകടത്തിലാകും. മേഖലയിൽ തിങ്കളാഴ്ച പെയ്ത മഴയിൽ അട്ടപ്പാടി ചുരംറോഡിലെ പത്തോളം ഇടങ്ങളിലാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിട്ടുള്ളത്. മലമുകളിൽ നിന്ന് മണ്ണും പാറയുമെല്ലാം റോഡിലേക്ക് വീണിരുന്നു. ആളപായമില്ലെങ്കിലും പലയിടത്തും ഗതാഗതം തടസപ്പെട്ടു.
ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന അന്തർസംസ്ഥാന പാതയാണിത്. മഴ തുടർന്നാൽ രൂക്ഷമായ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകും. ചുരംപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ അട്ടപ്പാടി ഒറ്റപ്പെടും. കഴിഞ്ഞ മഴയിൽ ചുരം റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും പാറകളും ചൊവ്വാഴ്ച പകൽ നീക്കിയതായി പൊതുമരാമത്തുവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷങ്ങളിലും മഴക്കാലത്ത് ചുരമിടിഞ്ഞിരുന്നു. ആഴ്ചകളോളം ഗതാഗതം മുടങ്ങിയ സ്ഥിതിയുണ്ടായി. അന്ന് പാലക്കാട്ടേക്കും മണ്ണാർക്കാട്ടേക്കുമുള്ള യാത്രക്കാർ ആനക്കട്ടി - കോയമ്പത്തൂർ വഴിയാണ് പോയത്. എന്നാൽ, ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളുണ്ട്.
ചുരംപാത നവീകരണം ഇഴയുന്നു ചുരം റോഡിൽ കൂടുതൽ മണ്ണിടിയുന്ന രണ്ടിടത്ത് ഗാബിയോൺ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇതുമതിയാകില്ല. അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട്ട് എത്താൻ ബദൽ റോഡ് നിർമ്മിക്കുക എന്നതാണ് ആകെയുള്ള പരിഹാരം. മഴക്കാലത്ത് ആശുപത്രി കേസുകൾ ഉണ്ടായാൽ ഊരുനിവാസികൾ ബുദ്ധിമുട്ടിലാകും. അടിയന്തരമായി ചുരും പാതയുടെ നവീകരണം പൂടത്തിയാക്കുകയും ബദൽ റോഡിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ചുരം റോഡ് നവീകരിക്കാൻ 80 കോടിയുടെ പദ്ധതിയുണ്ടെങ്കിലും കിഫ്ബിയുടെ മെല്ലപ്പോക്കാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.