കീം പരീക്ഷയ്ക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസ്
Thursday 23 July 2020 12:00 AM IST
തിരുവനന്തപുരം: കീം പരീക്ഷ സമയത്ത് പരീക്ഷാ കേന്ദ്രത്തിന് സമീപംസാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിൽ അറുന്നൂറോളം രക്ഷിതാക്കൾക്കെതിരേയാണ് കേസെടുത്തത്.
രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡി.ജി.പി നിർദ്ദേശിച്ചിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിലെ ഗേറ്റിന് മുന്നൽ 300ലധികം പേർ കൂട്ടംകൂടിയെന്നാണ് പൊലീസ് പറയുന്നത്. സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാന സാഹചര്യമുണ്ടായെന്ന് മെഡിക്കൽ കോളേജ് പൊലിസും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 600 ഓളം പേർക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തത്.