'അടുത്ത കാലത്ത് അദ്ദേഹം ചോദിച്ചതിൽ ഏറ്റവും ഗൗരവമുള്ള ചോദ്യമാണത്...പ്രതീക്ഷിച്ചില്ല': പ്രതിപക്ഷത്തെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് നിയമസഭാ സമ്മേളനം നടത്തിയപ്പോൾ എം.എൽ.എമാരുടെ പ്രായം കണക്കിലെടുത്തില്ല എന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രന്റെ പരാമർശത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ഓർമിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ ആ ചോദ്യം ശരിയായതാണെന്നും അടുത്ത കാലത്ത് അദ്ദേഹം ചോദിച്ച ഏറ്റവും ഗൗരവമുള്ള ചോദ്യമായിട്ടുവേണം അതിനെ കാണേണ്ടതെന്നാണ് മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞത്. അദ്ദേഹം വിഷയത്തോട് ഇങ്ങനെ പ്രതികരിക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പരിഹാസ ചുവയോടെ പറഞ്ഞു.
ആ സമയത്ത്, ഇത്തരത്തിലൊരു വ്യാപനം പെട്ടെന്ന് വരുമെന്ന് സർക്കാർ അനുമാനിച്ചിരുന്നില്ലെന്നും, നിയമസഭ കൂടി കാര്യങ്ങൾ തീരുമാനിച്ച് പോകട്ടെ എന്നതായിരുന്നു സർക്കാർ എടുത്ത നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാൽ നിയമസഭയിരിക്കുന്ന തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലയിടത്ത് നിന്നും എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്നത് രോഗം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരിൽ പലരും 60-70 വയസിൽ പ്രായമുള്ളവരാണെന്നും, അവർ നീണ്ട സമയങ്ങളിൽ ശീതീകരിച്ച സാഹചര്യത്തിൽ ഇരിക്കുന്നത് രോഗഭീഷണി വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാരണത്താലാണ്, കൊവിഡ് പ്രോട്ടോക്കോൾ ഏവരും പാലിക്കണമെന്ന് നിരന്തരം പറയുന്ന സർക്കാർ, സമ്മേളനം ഒഴിവാക്കണമെന്ന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തെ നേരിടാൻ ഭയമുള്ളത് കൊണ്ടാണ് നിയമസഭാ സമ്മേളനം മാറ്റി വച്ചതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി.