ഷംന കാസിം കേസ്: പ്രതികളുടെ ഭാര്യമാരെ ചോദ്യം ചെയ്യണമെന്ന് പൊലീസ്

Friday 24 July 2020 12:00 AM IST

കൊച്ചി:ചലച്ചിത്ര നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ഭാര്യമാരെ ചോദ്യം ചെയ്യണമെന്നും ഇവരെ പൊലീസ് ഉപദ്രവിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ ഭാര്യമാരായ സോഫിയ, ഷഫീന, രഹ്നാസ് എന്നിവർ പൊലീസിന്റെ ഭീഷണിയുണ്ടെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് തൃക്കാക്കര അസി. കമ്മിഷണർ കെ.എം. ജിജിമോൻ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകിയത്.

നടി ഷംന കാസിമിന് വിവാഹാലോചനയുമായി വീട്ടിലെത്തി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. . വരന്റെ ബന്ധുക്കളാണെന്ന പേരിൽ പ്രതികൾ പലതവണ ഷംനയുടെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഒരു സ്ത്രീയും സംസാരിച്ചെന്ന് ഷംനയുടെ അമ്മ മരട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇവരെ കണ്ടെത്താൻ പ്രതികളുടെ ഭാര്യമാരെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറയുന്നു.

ഇത്തരത്തിൽ മറ്റുപലരെയും കബളിപ്പിച്ച് സമ്പാദിച്ച പണം കുടുംബാംഗങ്ങളോടുത്തുള്ള ആഡംബര ജീവിതത്തിനും വീട്ടുപകരണങ്ങൾ ഉൾപ്പെടെ വാങ്ങാനുമാണ് ഉപയോഗിച്ചത്.പണവും സ്വത്തും കണ്ടെത്താൻ ഭാര്യമാരെ ചോദ്യം ചെയ്യണമെന്ന് പൊലീസ് പറയുന്നു.