ക്വാറന്റൈനിൽ നിന്ന് മുങ്ങിയ അനുപം മിശ്രയോട് ക്ഷമിച്ച് സർക്കാർ; ആലപ്പുഴ സബ് കള‌ക്‌ടറായി നിയമനം

Saturday 25 July 2020 12:35 PM IST

തിരുവനന്തപുരം: കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്റൈൻ ലംഘിച്ച് സ്വന്തം നാടായ ഉത്തർപ്രദേശിലേക്ക് കടന്ന ഐ എ എസ് ഉദ്യോഗസ്ഥൻ അനുപം മിശ്രയെ സർക്കാർ ആലപ്പുഴ ജില്ല കളക്‌ടറായി നിയമിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. മിശ്ര ചെറുപ്പക്കാരനായതിനാലാണ് സർക്കാർ ക്ഷമിച്ചത്. ഇനി ഇത്തരത്തിൽ നടപടികളുണ്ടാകരുതെന്ന് ശക്തമായ താക്കീതും 2016 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്‌ക്ക് നൽകിയിട്ടുണ്ട്. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ബോധവൽക്കരണം ആരംഭിച്ച സമയത്ത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ അത് ലംഘിച്ചത് വിവാദമായിരുന്നു.

മധുവിധുവിന് വിദേശരാജ്യങ്ങളിലേക്ക് പോയ മിശ്ര അതിന് ശേഷം മാർച്ച് 18ന് കൊല്ലത്ത് തിരികെയെത്തി. കൊവിഡ് ചട്ട പ്രകാരം ക്വാറന്റൈനിൽ പോകണമെന്ന് കളക്‌ടറുടെ നിർദ്ദേശ പ്രകാരം ഇയാൾ ക്വാറന്റൈനിലായിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് സബ് കളക്‌ടർ സ്വന്തം നാടായ സുൽത്താൻപൂരിലേക്ക് മുങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് സസ്‌പെൻഷനിലായിരുന്ന അനുപം മിശ്രക്ക് ഇപ്പോൾ പുനർനിയമനം ലഭിച്ചിരിക്കുകയാണ്.