ശുചിത്വ പദവി: തയ്യാറെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവി കൈവരിക്കുന്നതിന് തയ്യാറെടുക്കുന്നു. ഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും ആഗസ്റ്റ് 15ന് മുമ്പായി പദവി കൈവരിക്കേണ്ടതിന്റെ ഭാഗമായാണ് നടപടി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനവും നടക്കുന്നുണ്ട്.
ഓരോ തദ്ദേശ സ്ഥാപനത്തിലും ഖരമാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള അജൈവ മാലിന്യശേഖരണവും ഹരിതകർമ്മ സേനകൾ വഴി കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചു.
പ്രഖ്യാപനത്തിന് ആവശ്യമായ ഘടകങ്ങൾ
കാര്യക്ഷമമായ എം.സി.എഫ്, ആർ.ആർ.എഫ് ലിങ്കേജ്.
പ്രവർത്തനക്ഷമമായ ഹരിത കർമ്മസേന.
യൂസർ ഫീ കളക്ഷൻ (70%ന് മുകളിൽ).
ബദൽ ഉല്പന്നങ്ങളും പ്രചാരണവും.
പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുക.
നിയമ നടപടി കർശനമാക്കുക.
ഇ-മാലിന്യം ശേഖരിച്ച് നീക്കം ചെയ്യൽ.
ഓഫീസുകൾ ഗ്രീൻ പ്രോട്ടോക്കോൾ കൈവരിക്കൽ.
ജൈവമാലിന്യ ഉറവിട സംസ്‌കരണ ഉപാധി.
സാമൂഹികതല കംമ്പോസ്റ്റിംഗ് സംവിധാനം.
പൊതുസ്ഥലം മാലിന്യ രഹിതമാക്കൽ.
നീർച്ചാലുകളിലെ മാലിന്യനീക്കം.
ആശുപത്രികൾക്ക് പ്രത്യേക ശുചീകരണ പ്ലാൻ.
ഹോട്ടൽ, കാറ്ററിംഗ്, കച്ചവട മേഖലയിൽ ശുചിത്വം ഉറപ്പാക്കൽ.
പുനഃചംക്രമണം ചെയ്യാൻ കഴിയാത്ത വസ്തുകൾ സംസ്‌കരിക്കുന്നതിന് ക്ലീൻ കേരള കമ്പനി ഏജൻസിയെ കണ്ടെത്തൽ.
കുടുംബശ്രീ മുഖേന ഹരിത അയൽക്കൂട്ട കാമ്പയിൻ.
പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഓഡിറ്റും സോഷ്യൽ ഓഡിറ്റും.
ഘടകങ്ങൾ കൃത്യമായി വിശകലനം ചെയ്ത ശേഷം ഗ്രേഡ് നൽകി ഖരമാലിന്യ രഹിത പഞ്ചായത്തുകളായും നഗരസഭകളായും പ്രഖ്യാപനം നടത്തി സാക്ഷ്യപത്രം നൽകും. ആഗസ്റ്റ് 15ന് 20 തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. 2021 ജനുവരി 26 ആകുമ്പോഴേക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ പദവി കൈവരിക്കണം.
-വൈ.കല്യാണകൃഷ്ണൻ, ജില്ലാ കോ-ഓർഡിനേറ്റർ, ഹരിത മിഷൻ.