കൊവിഡ് വാക്‌സിൻ : എസ്.ആർ.എമ്മിൽ മനുഷ്യരിൽ പരീക്ഷണത്തിന് തുടക്കം
ചെന്നൈ: ഇന്ത്യയിലെ ആദ്യ കൊവിഡ്-19 വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണം ചെന്നൈ എസ്.ആർ.എം മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ആരംഭിച്ചു. 18നും 55നും മദ്ധ്യേ പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളിലാണ് പരീക്ഷണം. ഇവരെ ആഴ്‌ചതോറും സൂക്ഷ്‌മമായി നിരീക്ഷിക്കും. ആറുമാസക്കാലം ഇതു തുടരും.
രണ്ടു സന്നദ്ധപ്രവർത്തകർക്ക് കഴിഞ്ഞദിവസം വാക്‌സിൻ നൽകി. രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും വാക്‌സിൻ നൽകും. കൊവിഡ്-19ന് എതിരെ അവരുടെ ശരീരത്തിൽ ആന്റിബോഡി വികസിക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുക. ഫലങ്ങളും നിരീക്ഷണ റിപ്പോർട്ടും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന് (ഐ.സി.എം.ആർ) സമർപ്പിക്കുമെന്ന് ആശുപത്രി ഡീൻ ഡോ.എ. സുന്ദരം പറഞ്ഞു.
ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് വാക്‌സിൻ വികസിപ്പിക്കുന്നത്. നേരത്തേ, മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നു. എസ്.ആർ.എം ഉൾപ്പെടെ രാജ്യത്തെ 12 സ്ഥാപനങ്ങൾക്കാണ് വാക്‌സിൻ പരീക്ഷിക്കാൻ അനുമതിയുള്ളത്. ഹൈദരാബാദിലെ നിസാംസ് ഇൻസ്‌റ്രിറ്റ്യൂട്ടിന് ശേഷം കൊവാക്‌സിൻ പരീക്ഷിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ആശുപത്രിയാണ് എസ്.ആർ.എം.