മലയാളി സ്‌റ്റാർട്ടപ്പിൽ ₹23.25 കോടിയുടെ നിക്ഷേപം

Sunday 26 July 2020 3:18 AM IST

കൊച്ചി: കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന 'എൻട്രി" എന്ന മലയാളി സ്‌റ്റാർട്ടപ്പ്, പ്രാരംഭ വെഞ്ച്വൽ കാപ്പിറ്റൽ സ്ഥാപനമായ ഗുഡ് കാപ്പിറ്റലിൽ നിന്ന് 23.25 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി. പ്രാദേശിക ഭാഷകളിൽ മത്സര പരീക്ഷാ പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമായി രൂപംകൊണ്ട സ്റ്റാർട്ടപ്പാണ് എൻട്രി.

ഇപ്പോൾ 12.75 കോടി രൂപയുടെയും നേരത്തേ 10.5 കോടി രൂപയുടെയും നിക്ഷേപമാണ് പ്രാഥമിക നിക്ഷേപമായി (പ്രീ സീരീസ് എ) എൻട്രി നേടിയത്. 30 ലക്ഷത്തിലധികം ഉപഭോക്താക്കൾ എൻട്രിക്കുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ 30 ശതമാനം വർദ്ധനയുമായി 15 കോടി രൂപയുടെ വരുമാനവും എൻട്രി നേടിയിരുന്നു. മുഹമ്മദ് ഹിസാമുദ്ദീൻ, രാഹുൽ രമേശ് എന്നിവരാണ് എൻട്രിയുടെ സ്ഥാപകർ.