ക്വാറന്റൈൻ ലംഘിച്ച സബ് കളക്ടറെ തിരിച്ചെടുത്തു

Sunday 26 July 2020 12:00 AM IST

തിരുവനന്തപുരം: ഹോം ക്വാറന്റൈനിലിരിക്കെ മേലുദ്യോഗസ്ഥരെ അറിയിക്കാതെ നാട്ടിലേക്ക് പോയതിന് സസ്പെൻഷനിലായ സബ്കളക്ടറെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു. കൊല്ലം സബ് കളക്ടറായിരുന്ന അനുപമം മിശ്രയെ ആലപ്പുഴയിലേക്കാണ് മാറ്രി നിയമിച്ചത്. ഫെബ്രുവരിയിൽ വിവാഹിതനായ മിശ്ര മധുവിധുവിനായി ഇന്തോനേഷ്യയിലും സിങ്കപ്പൂരിലും പോയ ശേഷം മാർച്ച് 18നാണ് തിരിച്ചെത്തിയത്. 19ന് ഡ്യൂട്ടിയിൽ പ്രവേശിച്ചു. തുടർന്ന് ഹോം ക്വാറന്റൈനിൽ പോയ മിശ്രയെ പിന്നീട് കാണാതാവുകയായിരുന്നു. കളക്ടർ ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിരിലാണെന്നാണ് അറിയിച്ചത്. തുടർന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് പോയതോടെയാണ് സസ്പെൻഡ് ചെയ്തത്.

സസ്പെൻഷനെ തുടർന്ന് മിശ്ര സർക്കാരിന് വിശദീകരണം നൽകിയിരുന്നു. വിശദീകരണം തൃപ്തികരമായിരുന്നില്ലെങ്കിലും ചെറുപ്രായമായതിനാൽ നടപടികളൊഴിവാക്കുകയായിരുന്നു. മിശ്ര ചെയ്തത് ഗുരുതരമായ തെറ്രല്ലെങ്കിലും കൃത്യവിലോപം മറ്രുള്ളവരും ആ‌വർത്തിക്കാതിരിക്കാനാണ് സസ്പെൻഡ് ചെയ്തതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.