നായാട്ടുകേസിലെ പ്രതികൾക്ക് മർദനം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Sunday 26 July 2020 12:00 AM IST

കൊച്ചി: സൈലന്റ് വാലി വനത്തിൽ അതിക്രമിച്ചുകയറി മൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിൽ ഒന്നിന് സൈലന്റ് വാലി പൂച്ചിപ്പാറ പാമ്പൻ വനത്തിൽ കയറി കരിങ്കുരങ്ങനെയും മറ്റും വേട്ടയാടിയ കേസിലെ പ്രതികളായ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അനീസ്‌മോൻ, സുബ്രഹ്മണ്യൻ, കാളികാവ് സ്വദേശി അമീർ എന്നിവരുടെ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.

വംശനാശ ഭീഷണിയുള്ള കരിങ്കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴി എന്നിവയെ വേട്ടയാടിയ കേസിൽ അഞ്ചുപേരെ വനംവകുപ്പ് പിടികൂടിയിരുന്നു. ആദ്യ മൂന്നു പ്രതികളായ അനീസും കൂട്ടരും ഹൈക്കോടതിയിൽ നിന്ന് മുൻകൂർജാമ്യം ലഭിച്ചതിനെത്തുടർന്ന് മേയ് 14 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി ചോദ്യംചെയ്യലിന് വിധേയരായി. അടുത്തദിവസം കേസെടുത്ത് ജാമ്യത്തിൽ വിട്ടു. എന്നാൽ ചോദ്യം ചെയ്യലിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ ഹർജി നൽകിയത്.