1000 കടന്ന് പത്തനംതിട്ട

Sunday 26 July 2020 12:41 AM IST

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 1033 ആയി. ഇന്നലെ 52പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരം കടന്നത്. സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുതിച്ചുയരാൻ കാരണം. നേരത്തെ സമ്പർക്ക വ്യാപനമുണ്ടായ ക്ളസ്റ്ററുകളിൽ കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകളിൽ വ്യക്തമാകുന്നത്. കുമ്പഴ, കടമ്മനിട്ട, നാരങ്ങാനം, അടൂർ, വള്ളിക്കോട്, കോട്ടാങ്ങൽ എന്നീ മേഖലകളിലാണ് സമ്പർക്ക രോഗികൾ കൂടുതൽ.

ഏനാദിമംഗലലത്ത് മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. നേരത്തെ രോഗം കണ്ടെത്തിയ അടൂരിലെ വനിതാ ഡോക്ടറിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

@ കുമ്പഴ ക്ളസ്റ്ററിൽ നിന്ന് 238 പേർക്ക്

സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നായി നിലനില്‍ക്കുന്ന കുമ്പഴ - കുലശേഖരപതി മേഖലയിൽ നിന്നുള്ള കൊവിഡ് വ്യാപനം 229 പേരിലെത്തി. ഇന്നലെ പുതുതായി 12 പേർക്കു കൂടിയാണ് ഈ ക്ലസ്റ്ററിൽ രോഗബാധയുണ്ടായത്. ഇവിടെനിന്നുള്ള രോഗവ്യാപനം പത്തനംതിട്ട നഗരത്തിനു പുറത്തേക്ക് ഉണ്ടായിരുന്നു. ഇന്നലെ ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തപ്പെട്ടുവെന്നതിന്റെ സൂചനകളാണ് കാണുന്നത്. കുമ്പഴ സ്വദേശികളായ മൂന്നുപേർക്കു കൂടിയാണ് ഇന്നലെ രോഗം കണ്ടെത്തിയത്. നാരങ്ങാനത്ത് നാലുപേർക്കും സീതത്തോട്, മൈലപ്ര, ചെറുകോൽ, വള്ളിക്കോട് എന്നിവിടങ്ങളിലും ഇന്നലെ രോഗം സ്ഥിരീകരിച്ചു. നേരത്തെ ഇതേ ക്ലസ്റ്ററിൽ നിന്ന് ചെറുകോൽ, അരുവാപ്പുലം, ചെന്നീർക്കര, പ്രമാടം, പഴവങ്ങാടി, തണ്ണിത്തോട് പഞ്ചായത്തുകളിലേക്കും രോഗം പടർന്നിരുന്നു. അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നിലെ ഉറവിടവും കുമ്പഴ ക്ലസ്റ്ററിൽ നിന്നാണെന്ന സംശയമുണ്ടായിട്ടുണ്ട്. ഡോക്ടറുമായി ബന്ധപ്പെട്ട ആശുപത്രി ക്ലസ്റ്ററിൽ ഇന്നലെ വരെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാരങ്ങാനത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടവും കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതരുടെ ബന്ധം പരിശോധിച്ചുവരുന്നു.

@ രണ്ടാം സമ്പർക്കക്കാരിലും രോഗം

ക്ലസറ്ററിൽ രോഗബാധിതരായവരുടെ രണ്ടാം സമ്പർക്കപ്പട്ടികയിൽ പെട്ടവർക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ ആറിനാണ് കുമ്പഴ കുലശേഖരപതിയിൽ വിദ്യാർത്ഥി നേതാവിന് ആദ്യം സമ്പർക്കരോഗം കണ്ടെത്തുന്നത്. രണ്ടുദിവസങ്ങൾക്കുള്ളിൽ രണ്ടുപേരിൽ കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാകുകയും ചെയ്തതോടെയാണ് രോഗവ്യാപനം അതിവേഗം സ്ഥിരീകരിക്കപ്പെട്ടത്.

@ ആകെ സമ്പർക്കരോഗികൾ 367

@ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 52

വിദേശത്ത് നിന്നെത്തിയവർ 15

അന്യസംസ്ഥാനങ്ങളിൽ നിന്നുവന്നവർ 10

സമ്പർക്കം 27

@ ഇന്നലെ രോഗമുക്തരായവർ 49

ആകെ 716

@ ജില്ലയിൽ ചികിത്സയിലുള്ളവർ 310