ഫ്രാങ്കോ മുളയ്‌ക്കൽ സുപ്രീംകോടതിയിൽ
Sunday 26 July 2020 12:42 AM IST
ന്യൂഡൽഹി: കന്യാസ്‌ത്രീയ്ക്കെതിരായ മാനഭംഗക്കേസിലെ വിചാരണ നടപടികൾ നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയായ കന്യാസ്‌ത്രീയും സംസ്ഥാന സർക്കാരും തടസവാദ ഹർജിയും നൽകി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത ഫ്രാങ്കോയ്‌ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തനിക്കെതിരെയുള്ള കേസ് വ്യക്തിവിരോധം മൂലം കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നുമുള്ള വാദമാണ് ഫ്രാങ്കോ ഹർജിയിൽ ഉയർത്തുന്നത്.