മോഹൻലാൽ കൊച്ചിയിൽ ക്വാറന്റെയിനിൽ :​ അമ്മയെ കാണാൻ ഇനിയും കാത്തിരിക്കണം

Saturday 25 July 2020 11:05 PM IST

കൊച്ചി: അമ്മയെ കാണാൻ മാസങ്ങൾക്ക് ശേഷം കൊച്ചിയിലെത്തിയ നടൻ മോഹൻലാൽ 14 ദിവസത്തെ ക്വാറന്റെയിനിൽ പ്രവേശിച്ചു. കൊച്ചിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിലാണ് വെള്ളിയാഴ്ചയാണ് ചെന്നൈയിൽ നിന്ന് ഡ്രൈവറുമൊത്ത് റോഡുമാർഗം എത്തിയ മോഹൻലാൽ തങ്ങുന്നത്.

അന്യസംസ്ഥാനത്ത് നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റെയിനിൽ കഴിയണമെന്ന സർക്കാരിന്റെ ചട്ടമനുസരിച്ചാണ് മോഹൻലാലും സ്വയം ക്വാറന്റെയിനിലായത്. എളമക്കരയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരിയുള്ളത്.

ചെന്നൈയിൽ ബിഗ്ബോസിന്റെ ഷൂട്ടിംഗിനായി എത്തിയ സമയത്താണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും മോഹൻലാൽ അവിടെ കുടുങ്ങിയതും. നാലു മാസത്തോളം ചെന്നൈ മറീനാ ബീച്ചിനടുത്തുള്ള വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമായിരുന്നു താമസം. അവിടെയാണ് തന്റെ 60ാം പിറന്നാളും വിവാഹ വാർഷികവും പ്രണവിന്റെ പിറന്നാളും ആഘോഷിച്ചത്. മകൾ വിസ്‌മയ വിദേശത്താണ്.