കൗൺസിലറുടെ കനിവിൽ കോളനിക്കാർക്ക് വീടൊരുങ്ങി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല കോതമ്പറ്റ കോളനിക്കാർക്ക് വീടുണ്ടാക്കാൻ ഡിവിഷൻ കൗൺസിലറുടെ സഹായം. നഗരസഭ 12ാം ഡിവിഷനിലെ കോതമ്പറ്റ കോളനിയിൽ 20 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 13 വീട്ടുകാർക്ക് വീടുവെക്കാൻ സ്ഥലം ഇല്ലാതെ വന്നപ്പോൾ 6 സെന്റ് വീതം ഭൂമി 13 കുടുംബങ്ങൾക്കും ഡിവിഷൻ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ സ്വന്തം ചെലവിൽ വാങ്ങിച്ചു നൽകുകയായിരുന്നു. ഇതോടെയാണ് കോളനിക്കാരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. തുടർന്ന് കോളനിയിലെ 20 കുടുംബങ്ങൾക്കും പട്ടികവർഗ്ഗ വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ച് വിട് നിർമ്മിച്ച് നൽകി. 13 വീട്ടുകാർക്കായി 78 സെന്റ് സ്ഥലമാണ് ഡിവിഷൻ കൗൺസിലർ വാങ്ങി നൽകിയത്. അടച്ചറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കോളനിയിലെ കുടുംബങ്ങൾ.