അട്ടപ്പാടിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം

Monday 27 July 2020 12:43 AM IST
അട്ടപ്പാടിയിൽ നിരന്തരം ആക്രമണം നടത്തുന്ന കാട്ടാനകളിലൊന്ന്

അഗളി: അട്ടപ്പാടിയിലെ വനമേഖലകളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകൾ ജനങ്ങളുടെ സ്വൈരജീവിതം തകർത്തിട്ട് മാസങ്ങൾ പിന്നിടുന്നു. കഴിഞ്ഞ ദിവസം ആടുമേയ്ക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വണ്ണാന്തുറ ഊരിലെ നഞ്ചമൂപ്പൻ (71) കൊല്ലപ്പെട്ടു. മാസങ്ങളായി അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളിൽ തുടരുന്ന കാട്ടാനകളുടെ ആക്രമണത്തിലെ ഒടുവിലത്തെ ഇരയാണ് നഞ്ചൻ.

ഷോളയൂരിൽ ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. മൂന്നുമാസത്തിനിടെ ഒരു ക്ഷീര സംഭരണ കേന്ദ്രവും രണ്ടുറേഷൻ കടകളും 19 വീടും മോഴ ആന ആക്രമിച്ചിരുന്നു. വീടിന്റെ ജനലും വാതിലും തകർത്ത് ഭക്ഷ്യവസ്തുക്കൾ എടുക്കുന്നതാണ് മോഴയുടെ രീതി. വെച്ചപ്പതിയിലെ വീടിന്റെ ചുമർ തകർത്തപ്പോൾ ചായ്പിലുണ്ടായിരുന്ന 40 കോഴികൾ ചത്തു.

അർദ്ധരാത്രിയിറങ്ങുന്ന ആനയുടെ മുമ്പിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ഷോളയൂർ, വെച്ചപ്പതി, കടമ്പാറ, കത്താളക്കണ്ടി, വരശുപാടി തുടങ്ങിയ സ്ഥലങ്ങളിലാണ് മോഴയാന ഭീതി വിതച്ച് വിഹരിക്കുന്നത്. വീടുകൾ ഉന്തിയിടുന്നത് സ്ഥിരമാക്കിയതിനാൽ ജനങ്ങൾ ആനയ്ക്ക് 'ബുൾഡോസർ" എന്ന പേരും നൽകി.

ഷോളയൂർ മുതൽ പെട്ടിക്കൽ, കോട്ടമല വരെ വിഹരിക്കുന്നത് അഞ്ച് കാട്ടാനകളാണ്. മോഴയ്ക്കൊപ്പം 'അണ്ണൻ തമ്പി" എന്ന് വിളിപ്പേരുള്ള രണ്ട് ആനകളും ഒരു കുട്ടിക്കൊമ്പനും ഉണ്ട്. അണ്ണൻ തമ്പിമാരുടെ ആക്രമണത്തിൽ വയലൂരിൽ ഒരു ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

ആനയെ പിടികൂടും

മോഴ ആനയെ പിടികൂടി വനം വകുപ്പിന്റെ ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് സർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്

-കെ.ടി.ഉദയൻ,​ റേഞ്ച് ഓഫീസർ,​ അഗളി.