കേക്ക് മുറിച്ചും അർച്ചനയർപ്പിച്ചും ആക്ഷൻ ഹീറോ സച്ചിന്റെ പിറന്നാളാഘോഷം

Monday 27 July 2020 12:00 AM IST

ആലപ്പുഴ: ഡോഗ് സ്ക്വാഡിലെ മിടുമിടുക്കനായ സച്ചിന്റെ നാലാം പിറന്നാൾ കേക്ക് മുറിച്ചും ക്ഷേത്രത്തിൽ അർച്ചന നടത്തിയുമാണ് ആലപ്പുഴ പൊലീസ് ക്യാമ്പിൽ ആഘോഷിച്ചത്. പരിശീലകൻ എസ്. ശ്രീകാന്ത് സമ്മാനിച്ച ഷൂസണിഞ്ഞ് അവൻ കേക്ക് മുറിച്ചു. ക്യാമ്പിലെ ഗണപതി കോവിലിൽ അർച്ചനയും കഴിപ്പിച്ചു. ഒരു വയസ് പ്രായമുള്ളപ്പോഴാണ് സച്ചിൻ ആലപ്പുഴ ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്. അച്ഛൻ ബ്രാവോ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ അംഗം,​ അമ്മ സീമ ജമ്മുകാശ്മീർ ബോർഡറിൽ ബി.എസ്.എഫ് ക്യാമ്പിലും. അപ്പോൾ പിന്നെ മകൻ സച്ചിൻ എങ്ങനെ മോശക്കാരനാകും. ഇതിനോടകം നിരവധി കേസുകളുടെ തുമ്പ് സച്ചിൻ കണ്ടെത്തി.

മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ബി.എസ്.എഫിന്റെ നാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഡോഗ്സിലായിരുന്നു സച്ചിന്റെയും പരിശീലകൻ എസ്. ശ്രീകാന്തിന്റെയും പരിശീലനം. 2017 ലെ ക്യാമ്പിൽ 350 ശ്വാനൻമാരും, 700 ട്രെയിനർമാരുമാണ് പരിശീലനം നേടിയത്. ബാച്ചിൽ ഒന്നാം സ്ഥാനം നേടിയത് സച്ചിനായിരുന്നു. ട്രെയിനർമാർക്ക് അവർക്ക് താത്പര്യമുള്ള നായയെ തിരഞ്ഞെടുക്കാനുള്ള അവസരമുപയോഗിച്ച് ശ്രീകാന്ത് കേരള കേഡറിലേക്ക് സച്ചിനെ കൂട്ടി. 2017 സെപ്തംബർ 22നാണ് ആലപ്പുഴയിലെത്തിയത്.

സ്വകാര്യ ബാങ്കിന്റെ റീജിയണൽ മാനേജരായിരിക്കേയാണ് കോട്ടയം സ്വദേശി എസ്. ശ്രീകാന്തിന് പൊലീസിൽ ജോലി ലഭിച്ചത്. നായകളെ പരിശീലിപ്പിക്കാനുള്ള താത്പര്യം മൂലം പ്രത്യേകം അപേക്ഷ നൽകി ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുകയായിരുന്നു.

 ഇതുവരെ തെളിയിച്ചത് 6 കേസുകൾ

2016 ജൂലായ് 26നാണ് ജെർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സച്ചിന്റെ ജനനം. വെൺമണിയിലെ വൃദ്ധദമ്പതികളുടെ കൊലപാതകം അടക്കം ആറ് കേസുകളാണ് ജില്ലയിൽ സച്ചിന്റെ സഹായത്തോടെ തെളിയിക്കാനായത്. മണം പിടിച്ചുകഴിഞ്ഞാൽ പരമാവധി 9 കിലോമീറ്റർ ചുറ്റളവിൽ വരെ ആ വ്യക്തിയുടെ സഞ്ചാരപാത മനസിലാക്കാൻ സച്ചിന് സാധിക്കും. കഴിഞ്ഞ ഡിസംബർ 13 നാണ് വെൺമണിയിൽ വൃദ്ധ ദമ്പതികളെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പുവടിയിൽ മണം പിടിച്ച സച്ചിൻ രണ്ടരക്കിലോമീറ്റർ ദൂരെയുള്ള ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ വൃദ്ധ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ബംഗ്ളാദേശി യുവാവാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ ചെന്നൈയിൽ നിന്ന് പൊലീസ് പിന്നീട് പിടികൂടി.

 പരിശീലനവും ഭക്ഷണവും

രാവിലെ 6.40ന് കൂട്ടിൽ നിന്ന് പുറത്തിറക്കും. ഒരു മണിക്കൂർ പരീശീലകനുമൊത്ത് വ്യായാമം. ശേഷം, സച്ചിനെ പരിചയമില്ലാത്ത ഏതെങ്കിലും വ്യക്തിയുടെ സ്പർശനമേറ്റ വസ്തു മണപ്പിച്ച ശേഷം, അയാളെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഒളിപ്പിക്കും. ഈ വ്യക്തിയെ കണ്ടെത്തുക എന്നതാണ് സച്ചിന്റെ ജോലി. പാലും മുട്ടയും, ചോറും മീൻകറിയും ഇറച്ചിയുമാണ് ഇഷ്ടവിഭവങ്ങൾ.

ഓരോ നായയ്ക്കും അടിസ്ഥാനപരമായി അവന്റെ മാസ്റ്ററോടുള്ള ആത്മാർത്ഥതയാണ് കേസുകൾ തെളിയിക്കാൻ കാരണം. ജനിച്ച് മൂന്നാം മാസം മുതൽ അവൻ കാണുന്നത് എന്നെയാണ്.

- എസ്. ശ്രീകാന്ത്, ഡോഗ് സ്ക്വാഡ് പരിശീലകൻ