കഴിഞ്ഞദിവസം മരിച്ച രണ്ടു വൃദ്ധരുടെ കൊവിഡ് ഫലം പോസിറ്റിവ്

Monday 27 July 2020 12:00 AM IST

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ടു വൃദ്ധർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ വല്ലേത്തോട മാവുംകേൽത്തറ വീട്ടിൽ ശാരദ(76), കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് തച്ചേടത്ത് വീട്ടിൽ പുഷ്കരി(80) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി. ശാരദ വെള്ളിയാഴ്ചയും പുഷ്‌കരി(80) ഇന്നലെയുമാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ ഇരുവർക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന ഇരുവരുടെയും മക്കൾക്ക് നേരെത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ചെല്ലാനത്ത് നിന്ന് മത്സ്യമെടുത്ത് വിൽക്കുന്ന ശാരദയുടെ മകനും മകൾക്കും പേരക്കുട്ടിക്കുമാണ് രോഗം പിടിപെട്ടത്. പുഷ്‌കരിയെ കടുത്ത ശ്വാസതടസത്തെ തുടർന്ന് ഇന്നലെ രാവിലെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രോഗം കലശലായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാരദയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലും പുഷ്കരിയുടെത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.