കേടായ കാമറകൾ നന്നാക്കിയത് സെക്രട്ടേറിയറ്റിലെ ജീവനക്കാർ

Monday 27 July 2020 1:16 AM IST

തിരുവനന്തപുരം : ഇടിമിന്നലിൽ കേടായ സെക്രട്ടേറിയറ്റിലെ കാമറകളുടെ അറ്റകുറ്റപ്പണി നടത്തിയത് സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് വിഭാഗം ജീവനക്കാരാണെന്ന് സ്പെയർപാർട്സ് നൽകിയ സ്വകാര്യകമ്പനി വെളിപ്പെടുത്തി.ഈ കമ്പനിയുടെ ജീവനക്കാരെ അടുപ്പിച്ചില്ല.

ചീഫ് സെക്രട്ടറിയുടെ ഓഫീസിലേതടക്കം എട്ട് കാമറകൾ പത്ത്ദിവസത്തോളം പ്രവർത്തിച്ചില്ലെന്നാണ് നിഗമനം. മേയിലാണ് ഇടിമിന്നലിൽ കാമറകൾ നശിച്ചതെന്നാണ് ചീഫ്സെക്രട്ടറിയുടെ വാദം. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നു മുതൽ 12വരെയുള്ള കാമറാ ദൃശ്യങ്ങളാണ് എൻ.ഐ.എ തേടിയിട്ടുള്ളത്.

തിരുവനന്തപുരത്തെ സ്വകാര്യകമ്പനിയായ സെക്യൂവിഷനാണ് സ്പെയർ പാർട്ടുകൾ നൽകിയത്. കാമറകളിലേക്ക് വൈദ്യുതിയെത്തിക്കുന്ന സ്വിച്ചിന് തകരാറെന്നാണ് അറിയിച്ചത്. സ്വിച്ച് നൽകിയെങ്കിലും ബാക്കി ജോലികളൊന്നും കമ്പനിയെ ഏൽപിച്ചില്ല. മേയ് 12നാണ് കാമറകൾ തകരാറിലായത്. സ്വിച്ച് നൽകിയത് 22നും. , നാലുദിവസത്തിനകം കാമറ ശരിയാക്കിയെന്നും അറ്റകുറ്റപ്പണി കെൽട്രോണാണ് നടത്തിയതെന്നുമാണ് പൊതുഭരണവകുപ്പിന്റെ വാദമെങ്കിലും സ്വകാര്യ കമ്പനിയുടെ വെളിപ്പെടുത്തൽ ഇതിന് വിരുദ്ധമാണ്.

മേയ് 12ന് രാത്രിയിലെ ഇടി മിന്നലിലാണ് ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ കാമറകൾ, സ്വിച്ചിംഗ് സംവിധാനം, സെക്രട്ടേറിയറ്റിലെ മൂന്ന് എയർകണ്ടിഷനറുകൾ എന്നിവ നശിച്ചതെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഇടിമിന്നലേറ്റ് മുഖ്യമന്ത്രിയുടെ കിടപ്പുമുറിയിലെ ഫോൺ വരെ തകരാറിലായിരുന്നു. പിറ്റേന്ന് തന്നെ ഇത് മാറ്റിനൽകി. കാമറകളും എ.സികളും അറ്റകുറ്റപ്പണി നടത്താൻ സെക്രട്ടേറിയറ്റിലെ ഇലക്ട്രോണിക്സ് അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് പൊതുഭരണവകുപ്പ് പിറ്റേന്ന് കത്ത് നൽകി. പ്രവർത്തനം പരിശോധിച്ച ശേഷമേ പണം അനുവദിക്കൂ എന്നതിനാലാണ് ജൂലായ് 17ന് ഉത്തരവിറക്കിയത്. തകരാറിലായ കാമറകളിലെ അതുവരെയുള്ള ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചു.