32 സെക്രട്ടറിമാരുടെ യോഗം എ. സി ഹാളിൽ; ചീഫ് സെക്രട്ടറി വിവാദത്തിൽ

Monday 27 July 2020 12:16 AM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേർത്തതായി ആക്ഷേപം. മുഖ്യമന്ത്രിപോലും വിഡിയോ കോൺഫറൻസ് വഴി യോഗം വിളിക്കുമ്പോഴാണ് 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് എല്ലാമാസവും നടക്കുന്ന അവലോകന യോഗം ചീഫ് സെക്രട്ടറി വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടത്തിയതെന്നാണ് അറിയുന്നത്.

കൊവിഡ് പ്രതിരോധ ചുമതലയുള്ളവരടക്കം പങ്കെടുക്കുന്ന യോഗമായതിനാൽ വിഡിയോ കോൺഫറൻസ് വഴി വേണമെന്നു സെക്രട്ടറിമാർ ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി നിലപാടിൽ ഉറച്ചു നിന്നതായാണു സൂചന.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരും കൊവിഡ് പ്രതിരോധ ചുമതലയുള്ളവരും ശീതികരിച്ച മുറിയിൽ ചേ‌ർന്ന യോഗത്തിൽ പങ്കെടുത്തതിനാൽ അതിനുശേഷം ചില ഐ.എ.എസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയും നടത്തി. സമ്പർക്ക വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് നിയമം തെറ്റിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ചത് ഐ.എ.എസ് അസോസിയേഷനിലും ചർച്ചയായി.