തണ്ണിത്തോട്ടിലെ ലയങ്ങളിൽ ദുരിതം ജീവിക്കുന്നു

Monday 27 July 2020 12:26 AM IST

തണ്ണിത്തോട്: മഴയിൽചോരുന്ന ലയങ്ങളിൽ അവർ ജീവിക്കുകയാണ്. തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ. പ്ലാന്റെഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് എസ്റ്റേറ്റിൽ തേക്കുതോട് - തണ്ണിത്തോട് റോഡരികിൽ എ ഡിവിഷനിലെ ലയങ്ങളും പറക്കുളം ദേവീക്ഷേത്രത്തിന് സമീപം ബി ഡിവിഷനിലെ ലയങ്ങളും മേടപ്പാറയിൽ സി ഡിവിഷനിലെ ലയങ്ങളുമാണുള്ളത്. അഞ്ചും പത്തും വീതമുള്ള ക്വാർട്ടേസുകളാണ് ഓരോ കെട്ടിടങ്ങളിലുമുള്ളത്. വരാന്തയും കിടപ്പുമുറിയും അടുക്കളയും ചേർന്ന ലയങ്ങളിലാണ് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത്. ക്വാർട്ടേഴ്സുകൾക്കാനുപാദമായി ശുചിമുറികളുണ്ടെങ്കിലും ഇവ നാശാവസ്ഥയിലാണ്. ജീർണ്ണാവസ്ഥയിലുള്ള കട്ടിളയും കതകുമാണ് ഒാരോ ലയങ്ങൾക്കുമുള്ളത്. മഴപെയ്യുമ്പോൾ മുറിയിൽ പാത്രങ്ങൾ നിരത്തിവച്ചാണ് ഇവരുടെ പ്രതിരോധം. പൊട്ടിയിളകിയ ആസ്ബറ്റോസ് ഷീറ്റിന് മുകളിൽ ടിൻ ഷീറ്റും പ്ലാസ്റ്റിക്കും വച്ചാണ് ചോർച്ച തടയുന്നത്.

ലയങ്ങളുടെ തറയും പൊട്ടിയിളകിയ നിലയിലാണ്. പലയിടത്തും കക്കൂസ് ടാങ്കുകൾ പൊട്ടിയൊഴുകുന്നതും കൂടുതൽ ദുരിതമാകുന്നുണ്ട്. ലയങ്ങളും ശുചിമുറികളും അറ്റകുറ്റപണികൾ നടത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മുമ്പ് സമരം നടത്തിയിരുന്നു.