സ്വപ്നയ്ക്കെതിരായ കേസിൽ ശിവശങ്കറും പ്രതിയായേക്കും
തിരുവനന്തപുരം: മതിയായ യോഗ്യതയില്ലാതെ, സർക്കാരിന്റെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിയമനം നേടിയ കേസിൽ ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെയും പ്രതിയാക്കിയേക്കും. സ്വപ്നയെ നിയമിക്കാൻ ശുപാർശ ചെയ്തത് ശിവശങ്കറാണെന്ന് ചീഫ്സെക്രട്ടറിയുടെ സമിതി കണ്ടെത്തിയിരുന്നു.
ഐ.ടി ഇൻഫ്രാസ്ട്രക്ചറിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. സ്വർണക്കടത്ത് കേസിലെ എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണം കഴിയുമ്പോൾ, സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഐ.ടി ഇൻഫ്രാസ്ട്രക്ചറിന്റെ സ്‌പേസ് പാർക്കിൽ ജോലിനേടാൻ സ്വപ്ന ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാൻ പൊലീസ് മഹാരാഷ്ട്രയിലെ ബാബാസാഹെബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയ്ക്ക് കത്തയച്ചു. കന്റോൺമെന്റ് അസി. കമ്മിഷണർ സുനീഷ്ബാബുവാണ് വിവരം തേടിയത്. അംബേദ്കർ സർവകലാശാലയിൽ ബികോം. കോഴ്സ് ഇല്ലെന്ന് റിപ്പോർട്ടുണ്ട്. സ്വർണക്കടത്ത് പുറത്തായതോടെ ഐ.ടി വകുപ്പിൽ നിന്ന് സ്വപ്നയെ പുറത്താക്കിയിരുന്നു.എയർ ഇന്ത്യാ സാറ്റ്സിലും നിയമനം നേടിയത് ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നാണ് സംശയം. എയർ ഇന്ത്യാ സാറ്റ്സിലെ ഉദ്യോഗസ്ഥനെ വ്യാജപീഡന കേസിൽ കുടുക്കാൻ ശ്രമിച്ച കേസിലും സ്വപ്ന പ്രതിയാണ്. ഈ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.