കേരളം, ഭീകരതയുടെ പ്രിയതീരം? : സ്വർണവലയിലെ ഇണങ്ങാത്ത കണ്ണികൾ
സ്വർണക്കടത്തിന് ഭീകരബന്ധമുണ്ടെന്ന എൻ.ഐ.എയുടെ കണ്ടെത്തലിനു പിന്നാലെയാണ് കേരളത്തിൽ ഐസിസ് ഭീകരർ സജീവമാണെന്ന യു.എൻ റിപ്പോർട്ട് പുറത്തുവന്നത്. നോട്ടുനിരോധനം വഴി കള്ളനോട്ടൊഴുക്കിന്റെ വഴികളടഞ്ഞപ്പോൾ രാജ്യത്തെ തകർക്കാനുള്ള പുതുവഴിയായി സ്വർണക്കടത്ത്. സ്വർണക്കടത്തിന് ഭീകരതയുമായുള്ള ബന്ധം അന്വേഷിക്കുന്ന പരമ്പര ആരംഭിക്കുന്നു
.........................................
അണിഞ്ഞൊരുങ്ങി നടന്നൊരു സുന്ദരി. പണത്തോടുള്ള ആർത്തികൊണ്ട് അവൾ സ്വർണക്കടത്തിനിറങ്ങിയെന്നേ ആദ്യം കരുതിയുള്ളൂ. ആ കള്ളക്കടത്ത് ജൂവലറിക്കു വേണ്ടിയല്ലെന്നും ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കാനെന്നും എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസിന്റെ സ്വഭാവം മാറി. രാജ്യത്ത് ആക്രമണപരമ്പര ലക്ഷ്യമിട്ട് കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരസംഘം സജീവമാണെന്ന് യു.എൻ മുന്നറിയിപ്പു നൽകുക കൂടി ചെയ്തതോടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കൊടുംകുറ്റകൃത്യമായി സ്വർണക്കടത്തിന്റെ ഭാവം മാറി. ധനാർത്തിക്കാരിയെന്ന ലേബലിൽ നിന്ന് സ്വപ്നാ സുരേഷ് യു.എ.പി.എ ചുമത്തപ്പെട്ട കുറ്റവാളിയായി മാറാൻ ദിവസങ്ങൾപോലും വേണ്ടിവന്നില്ല!
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതോളം അൽക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും, ഇവരിലൂടെ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായുമാണ് യു.എൻ മുന്നറിയിപ്പ്. തീവ്രവാദ ഫണ്ടിംഗിനായാണ് ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തെന്ന എൻ.ഐ.എയുടെ കണ്ടെത്തൽ കൂടി ചേർത്തുവയ്‌ക്കുമ്പോൾ കേരളം ഭീകരതയുടെ പ്രിയതീരമായി മാറുന്നുവെന്ന ആശങ്ക പൂർണം. എന്നാൽ, സ്വപ്നയിലും സന്ദീപിലും സരിത്തിലും ഒതുങ്ങുന്നതല്ല, സ്വർണക്കടത്തിന്റെ കണ്ണികൾ.
പാകിസ്ഥാനിലെ സുരക്ഷാപ്രസിൽ അച്ചടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ ഇന്ത്യൻ കറൻസിയായിരുന്നു എക്കാലത്തും ഭീകരവാദത്തിന്റെ ഫണ്ടിംഗ്. ഇന്ത്യ നോട്ട് അച്ചടിക്കുന്ന അതേ പേപ്പറും മഷിയും സുരക്ഷാമാനദണ്ഡങ്ങളും! പാകിസ്ഥാനിലെ പെഷവാറിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ അച്ചടിക്കാൻ പാക് സർക്കാരിന്റെ പ്രസുള്ളതായി ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. നോട്ട് അസാധുവാക്കൽ നടപ്പാക്കിയതോടെ ഈ പണമൊഴുക്ക് നിലച്ചു. അതിനുശേഷമാണ് തീവ്രവാദഫണ്ടിംഗിന് സ്വർണക്കടത്ത് വ്യാപകമായത്. തീവ്രവാദ കേസുകളിൽ അറസ്റ്റിലായവർക്ക് ഐസിസിന്റെ ഇന്ത്യൻ വിഭാഗമായ 'വിലയാ ഒഫ് ഹിന്ദ്' സാമ്പത്തിക, നിയമ സഹായം ലഭ്യമാക്കുന്നുണ്ട്.
ഐസിസിനായി
ഇവിടെയും പിരിവ്
ഐസിസ് നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളിൽ എണ്ണക്കിണറുകളും എണ്ണ, വാതക പൈപ്പ് ലൈനുകളുമുണ്ടായിരുന്നു. എണ്ണവ്യാപാരവും മനുഷ്യക്കടത്തും സ്ത്രീകളെ അടിമകളാക്കി വിൽപ്പനയും അവയവക്കടത്തുമെല്ലാം ഐസിസിന്റെ വരുമാനമായിരുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനകളുടെ ആക്രമണത്തിൽ ഇറാക്കിൽ അടക്കം ഐസിസ് തകർന്നതോടെ വരുമാനമാർഗമടഞ്ഞു. ഗൾഫിൽ നിന്നടക്കം സ്പോൺസറിംഗും കുറഞ്ഞു.
മൂന്നുവർഷം മുൻപ് ഐസിസിനായി കണ്ണൂരിൽ പണപ്പിരിവ് നടന്നത് എൻ.ഐ.എ കണ്ടെത്തിയിരുന്നു. പാപ്പിനിശേരി സ്വദേശിയായിരുന്നു ഇതിനു പിന്നിൽ. ആരാധനാലയ നിർമ്മാണത്തിനെന്ന പേരിലെ പണപ്പിരിവ്, മലയാളികളെ അഫ്ഗാനിലെത്തിച്ച് ഐസിസിൽ ചേർക്കാനായിരുന്നു. ദുബായിലും നടന്നു ഇത്തരം പിരിവ്. തലശേരി, വളപട്ടണം സ്വദേശികളായ അഞ്ചു പേർക്കെതിരെ കേസെടുത്തു. ഒപ്പം, കണ്ണൂരിലെ വസ്ത്രശാല ഉടമയും സംശയനിഴലിലായി
(തുടരും)