ഡിജിറ്റൽ പണമിടപാട്: അക്കൗണ്ട് നമ്പർ തെറ്റിയാൽ എന്തു ചെയ്യും?​

Monday 27 July 2020 3:02 AM IST

കൊച്ചി: ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം കൈമാറാൻ ഇപ്പോൾ ധാരാളം മാർഗങ്ങളുണ്ട്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി)​,​ റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്)​,​ ഇമ്മീഡിയറ്റ് പേമെന്റ് സർവീസസ് (ഐ.എം.പി.എസ്)​ എന്നിവ അവയിൽ ചിലതാണ്. ഇത്തരത്തിൽ പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര്,​ അക്കൗണ്ട് നമ്പർ,​ ഐ.എഫ്.എസ്.സി (ഇന്ത്യൻ ഫിനാൻഷ്യൽ സിസ്‌റ്റം കോഡ്)​ എന്നിവ നിർബന്ധമായും നൽകേണ്ടതുണ്ട്.

പണം അയയ്ക്കുമ്പോൾ ആദ്യ ഓപ്‌ഷനിൽ അക്കൗണ്ട് നമ്പർ മറച്ചും രണ്ടാമത്തേതിൽ വായിക്കാവുന്ന വിധവുമാണ് രേഖപ്പെടുത്തപ്പെടുന്നത്. ഇവ രണ്ടും 'മാച്ച്" ആയാൽ മാത്രമേ പണം അയയ്ക്കാനാകൂ. ഒരു ഇടപാടുകാരൻ രണ്ട് ഓപ്‌ഷനിലും തെറ്റായ അക്കൗണ്ട് നമ്പറാണ് നൽകിയതെങ്കിലോ?​ അയച്ച പണം തെറ്റായ അക്കൗണ്ട് നമ്പർ നൽകിയതുമൂലം മറ്റൊരു ഉപഭോക്താവിന് കിട്ടിയാലോ?​ ഐ.എഫ്.എസ്.സി മാറിപ്പോയാലോ?​ ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്തുചെയ്യും?​

ഐ.എഫ്.എസ്.സി

തെറ്റായ ഐ.എഫ്.എസ് കോഡ് ആണ് നൽകിയതെങ്കിൽ ഭയക്കേണ്ടതില്ല,​ അയയ്ച്ച പണം വൈകാതെ ഇടപാടുകാരന് തന്നെ തിരിച്ചു ലഭിക്കും. എന്നാൽ,​ തെറ്റായി നൽകിയ ഐ.എഫ്.എസ്.സി നിലവിലുണ്ടെങ്കിൽ,​ അയയ്ച്ച പണം മറ്റൊരു ആ ഐ.എഫ്.എസ്.സിയും അക്കൗണ്ട് നമ്പറുമുള്ള ഇടപാടുകാരന് കിട്ടും. ഇത്തരം സാഹചര്യത്തിൽ,​ ഇടപാടുകാരൻ ബാങ്കുമായി നേരിട്ട് ഇടപെട്ട് വിവരം അറിയിക്കണം. പ്രശ്നം ബാങ്ക് പരിഹരിച്ചോളും.

അക്കൗണ്ട് നമ്പർ

തെറ്റായി നൽകിയ അക്കൗണ്ട് നമ്പർ നിലവിലില്ലെങ്കിൽ,​ ഉപഭോക്താവിന് പണം തിരികെ കിട്ടും. എന്നാൽ,​ ആ അക്കൗണ്ട് നമ്പർ ഉപയോഗത്തിൽ ഉള്ളതാണെങ്കിൽ പണം അതിലേക്ക് പോകും. ബാങ്കുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുകയേ ഇതിന് നിവൃത്തിയുള്ളൂ. പണം തെറ്റായി ലഭിച്ച ഇടപാടുകാരന്റെ ബാങ്കുമായി,​ പണം അയയ്ച്ച ഉപഭോക്താവിന്റെ ബാങ്ക് ബന്ധപ്പെട്ട് പണം 'ബ്ളോക്ക്" ചെയ്യാൻ നിർദേശിക്കും. പണം,​ പിന്നീട് തിരിച്ചു കിട്ടുകയും ചെയ്യും.