അനഘയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മന്ത്രി എം.എം മണി

Sunday 26 July 2020 11:23 PM IST

തൊടുപുഴ: പഞ്ചായത്ത് നിഷേധിച്ച ലാപ്ടോപ്പ് ഹൈക്കോടതി ഉത്തരവിലൂടെ നേടിയെടുത്ത അനഘയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് മന്ത്രി എം.എം മണി. അനഘയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ കേരളകൗമുദിയിൽ വായിച്ച് അറിഞ്ഞിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് അനഘയ്ക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായത്. അന്ന് തന്നെ എന്നെ ബന്ധപ്പെട്ടിരുന്നെങ്കിൽ കോടതിയിലൊന്നും പോകേണ്ടി വരില്ലായിരുന്നു. എല്ലാ ഭവനരഹിതർക്കും വീട് നൽകണമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ പലയിടത്തും പഞ്ചായത്ത് വിവേചനം കാണിക്കുന്നതാണ് പ്രശ്‌നം. ഇടുക്കിയിലെത്തിയ ഉടൻ പട്ടികജാതി വകുപ്പിന്റെ തന്നെ സഹായത്തോടെ അനഘയുടെ കുടുംബത്തിന് വീട് വയ്ക്കുന്നതടക്കമുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ അനഘയുടെ കുടുംബത്തിന് സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ വീട് വച്ച് നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പിയും പറഞ്ഞു.