കുതിരവട്ടത്ത് നിന്ന് ചാടിയവരിൽ ഒരാൾ കൂടി പിടിയിൽ

Sunday 26 July 2020 11:47 PM IST

 ഇനി കിട്ടാനുള്ളത് രണ്ടുപേരെ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയവരിൽ ഒരാൾ കൂടി പിടിയിലായി. വിചാരണത്തടവുകാരൻ താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖിനെ (29) ഇന്നലെ മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ അന്തേവാസി മലപ്പുറം താനൂർ അട്ടത്തോട് സ്വദേശി ഷഹൽ ഷാനുവിനെ (25) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.മയക്കുമരുന്ന് വില്പനയ്ക്ക് പുറമെ കൊലക്കേസിലും കൂടി പ്രതിയായ എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്പിലെ നിസാമുദ്ദീൻ (24), മോഷണ - മയക്കുമരുന്ന് കേസ് പ്രതി ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40) എന്നിവരാണ് പിടിയിലാകാനുള്ളത്. മൂന്നു വിചാരണത്തടവുകാർക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയത് ഷഹൽ ഷാനുവാണെന്ന നിഗമനത്തിലാണ് പൊലീസ്.

വയനാട് റോഡിൽ ഗവ. ലോ കോളേജിനടുത്തു നിന്നാണ് ആഷിഖിനെ പിടികൂടിയത്. ഇയാൾ കോടഞ്ചേരി തുഷാരഗിരി ഭാഗത്ത് ഒളിച്ചുകഴിയുകയായിരുന്നു. ബൈക്ക് മോഷ്ടാവായ ആഷിഖ് ചോമ്പാല സ്‌റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ച ബൈക്കിൽ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് കുടുങ്ങിയത്. കുന്ദമംഗലത്തു വച്ച് കൺട്രോൾ റൂം പൊലീസ് സംഘം പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിറുത്താത്തതിനാൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താമരശ്ശേരിയിലെ ഒരു കടയിൽ നിന്നു മോഷ്ടിച്ച മൂവായിരത്തോളം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ആഷിഖിനെതിരെ കസബ സ്‌റ്റേഷനിൽ മാത്രം 15 ബൈക്ക് മോഷണക്കേസുകളുണ്ട്.
ജയിലിൽ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവാഴ്ച കുതിരവട്ടത്ത് എത്തിച്ചതായിരുന്നു മൂന്നു തടവുകാരെയും. ബന്ധുക്കളാരും നോക്കാനില്ലാത്ത ഷഹലിനെ പൊലീസ് എത്തിച്ചതാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നാലു പേരും പുറത്ത് ചാടിയത്.