കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ പ്രതിഷേധം
സംസ്കാരം മാറ്റിവച്ചു
ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു
പള്ളിയിലും സംസ്‌കരിക്കാൻ അനുവദിച്ചില്ല
കോട്ടയം: പ്രതിഷേധത്തെ തുടർന്ന് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച ചുങ്കം നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്‌കാരം മാറ്റിവച്ചു. സംസ്കാരം എവിടെ നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇദ്ദേഹത്തിന്റെ പള്ളിയായ ചുങ്കം ചാലുകുന്ന് സി.എസ്.ഐ പള്ളിയിൽ സംസ്‌കരിക്കാനായിരുന്നു ആലോചന. എന്നാൽ പള്ളി അധികൃതർ അനുവാദം നൽകിയില്ല. തുടർന്ന് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചു. വിവരം പുറത്തറിഞ്ഞതോടെ ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിന്റെ നേതൃത്വത്തിൽ മുട്ടമ്പലം അംബേദ്ക്കർ കോളനി നിവാസികൾ പ്രതിഷേധവുമായി റോഡ് വേലികെട്ടി അടച്ച് ശ്മശാനത്തിലേയ്ക്കുള്ള റോഡിൽ കുത്തിയിരുന്നു. നാട്ടുകാരും പൊലീസും തമ്മിൽ ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉയരുന്ന പുക വഴി രോഗം പകരുമെന്നായിരുന്നു നാട്ടുകാരുടെ വാദം. നിലവിൽ കണ്ടെയ്മെന്റ് സോണായ പ്രദേശത്താണ് നാട്ടുകാർ സംഘടിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ എന്നിവർ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല.
കൊവിഡ് സ്ഥിരീകരിച്ചത് മരണശേഷം
മുൻ നഗരസഭ ജീവനക്കാരൻ കൂടിയായ ഔസേഫ് വീണ് പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഔസേഫിന് പരിശോധനയിൽ ന്യുമോണിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലേക്ക് മടങ്ങി. വീണ്ടും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അതേ ആശുപത്രിയിലും,പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ച് പത്തു മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശാന്തമ്മ,പരേതയായ രാഗിണി,മറിയാമ്മ,ഉഷ,പരേതയായ ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്,കുട്ടപ്പൻ,കൊച്ചുമോൻ,പരേതനായ ശശി.