ഞങ്ങളെ കറിവേപ്പിലയാക്കി: യുവ്‌രാജ്
മുംബയ് : രാജ്യത്തിനായി പലതവണ മികച്ച പ്രകടനം നടത്തിയെങ്കിലും മാന്യമായി വിരമിക്കാനുള്ള അവസരം താനുൾപ്പെടെയുള്ള പല ക്രിക്കറ്റ് താരങ്ങൾക്കും ലഭിച്ചില്ലെന്ന് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ്. ഒരു ഒാൺലൈൻ ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുവി.
ഇന്ത്യൻ ക്രിക്കറ്റിൽ അപൂർവം ചിലർക്ക് മാത്രമേ മാന്യമായി വിരമിക്കാൻ അവസരം ലഭിച്ചിട്ടുള്ളുവെന്നും അതുകൊണ്ട് തന്നെ തനിക്ക് ഇത്തരത്തിലൊരു അവസ്ഥ പ്രതീക്ഷിച്ചിരുന്നുവെന്നും യുവി പറഞ്ഞു.
യുവിയുടെ വാക്കുകൾ
എന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ എന്നോടുകിട്ടിയത് തീർത്തും പ്രൊഫഷണൽ അല്ലാത്ത സമീപനം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്നോടുമാത്രമല്ല മികച്ച താരങ്ങളായിരുന്ന വിരേന്ദർ സെവാഗ്, ഹർഭജൻ സിംഗ്, സഹീർ ഖാൻ തുടങ്ങിയവരെയെല്ലാം കറിവേപ്പിലപോലെ വലിച്ചെറിയുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ അതൊരു അസാധാരണ സംഭവമല്ല. പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഇതിഹാസ താരങ്ങളായിരുന്നവർ പോലും കണ്ണീരോടെ പടിയിറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ കാര്യത്തിൽ വലിയ അത്‌ഭുതമൊന്നും തോന്നിയില്ല.
പക്ഷേ ഇനിയുള്ള കാലത്തെങ്കിലും രാജ്യത്തിനായി ദീർഘകാലം വിശിഷ്ട സേവനം നടത്തിയവർക്ക് മാന്യമായി വിരമിക്കാനുള്ള സാഹചര്യം ഒരുക്കണം. കളിച്ച കാലത്തെ മികവിന് അർഹിക്കുന്ന യാത്ര അയപ്പ് തന്നെ നൽകണം.
രണ്ട് ലോകകപ്പുകൾ നമുക്ക് നേടിത്തന്ന ഗൗതം ഗംഭീറിനെ എങ്ങനെയാണ് പറഞ്ഞുവിട്ടതെന്ന് നമുക്കറിയാം. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും മികച്ച മാച്ച് വിന്നറായിരുന്നു സെവാഗ്. വി.വി.എസ്. ലക്ഷ്മൺ ടെസ്റ്റിലെ ഗാവസ്‌കറിന് ശേഷമുള്ള പ്രതിഭയായിരുന്നു. സഹീർ ഖാനും അങ്ങനെതന്നെ. അവർക്കൊന്നും അർഹിക്കുന്ന രീതിയിൽ യാത്രാമൊഴി നൽകാൻ കഴിയാത്തത് ഇന്ത്യൻ ക്രിക്കറ്റിന് തന്നെ കളങ്കമാണ്.
ഞാനൊരു ഇതിഹാസ താരമാണ് എന്ന് കരുതുന്നില്ല. ഞാൻ ആത്മാർത്ഥതയോടെയാണ് കളിച്ചത്. പക്ഷേ അധികം ടെസ്റ്റുകളിൽ കളിച്ചിട്ടില്ല. ടെസ്റ്റിൽ മികച്ച റെക്കാഡുള്ള കളിക്കാരെയാണ് ഇതിഹാസമായി കാണേണ്ടത്.
2007 ലെ ട്വന്റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് നേടിത്തരുന്നതിൽ സുപ്രധാന പങ്ക് വഹിച്ച യുവ്‌രാജ് ടീമിലേക്ക് ദീർഘകാലമായി പരിഗണിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞവർഷം ജൂണിലാണ് ഒൗദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചത്.
304 ഏകദിനങ്ങളിൽ നിന്ന് 8701 റൺസും 111 വിക്കറ്റുകളും നേടിയിട്ടുണ്ട്.
58 ട്വന്റി 20 കളിൽനിന്ന് 1177 റൺസും 28 വിക്കറ്റുകളും സ്വന്തമാക്കി.
40 ടെസ്റ്റുകളിൽനിന്ന് 1900 റൺസും 9 വിക്കറ്റുകളും നേടി.