ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർദ്ധിക്കും; നേരിടാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

Monday 27 July 2020 8:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 101 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെയാണ് കൂട്ടിചേർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

30,598 കിടക്കകളാണ് ഇവിടങ്ങളിൽ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകൾ ഉള്ള 480 സി.എഫ്.എൽ.ടി.സികൾ കണ്ടെത്തി. കൊവിഡ് ബ്രിഗേഡിലേക്ക് 1571 പേർക്ക് പരിശീലനം നൽകി. ഭീഷണി ഉയർത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്. സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ പ്രവണതയല്ല. ഇതിൽ കർശന നടപടി സ്വീകരിക്കും. ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർദ്ധിക്കുമെന്നാണ് കാണുന്നത്. അതു നേരിടുകയാണ് സി.എഫ്.എൽ.ടി.സികൾ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സർവകലാശാലയുടെ കോഴ്സുകൾ‌ പഠിച്ചിറങ്ങിയ വിദ്യാർഥികളെ സി.എഫ്.എൽ.ടി.സികളിൽ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്ക് താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.