ആയിരം ക്ലാസുകൾ പിന്നിട്ട് ഫസ്റ്റ് ബെൽ വിക്ടേഴ്സ് യുട്യൂബ് ചാനലിന് പ്രതിമാസ വരുമാനം 15 ലക്ഷം
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ഫസ്റ്റ് ബെൽ 1000 ക്ലാസുകൾ പിന്നിട്ടു. ലക്ഷക്കണക്കിന് കുട്ടികൾക്ക് അദ്ധ്യയനം നടത്തുന്ന പരിപാടിക്ക് വിക്ടേഴ്സിന്റെ യുട്യൂബ് ചാനൽ വഴി പ്രതിമാസം 15 ലക്ഷം രൂപയാണ് വരുമാനം. പരിമിതമായ പരസ്യം മാത്രമുള്ളപ്പോഴാണ് ഈ വരുമാനം. ഈ നിയന്ത്രണം മാറ്റിയാൽ പ്രതിമാസം 30 ലക്ഷം വരെ വരുമാനം നേടാം.
141 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചക്കാരുള്ള ഫസ്റ്റ് ബെല്ലിന് യൂട്യൂബിൽ 15.8 ലക്ഷം വരിക്കാരുണ്ട്. പ്രതിമാസം 15 കോടിയോളമാണ് യുട്യൂബ് കാഴ്ചക്കാർ. ഒരു ദിവസത്തെ ക്ലാസുകൾക്ക് യുട്യൂബിൽ മാത്രം ശരാശരി 54 ലക്ഷം വ്യൂവർഷിപ്പുണ്ട്.
വിക്ടേഴ്സ് ചാനൽ വഴി 604 ക്ലാസുകൾക്കു പുറമേ പ്രാദേശിക കേബിൾ ശൃംഖലകളിൽ 274 കന്നഡ ക്ലാസുകളും 163 തമിഴ് ക്ലാസുകളും ഇതുവരെ സംപ്രേഷണം ചെയ്തു.
സിലബസിന് പുറമേ യോഗ, കായിക വിഷയങ്ങൾ തുടങ്ങി പ്രചോദനാത്മക പരിപാടികൾ ഉൾക്കൊള്ളിച്ചായിരിക്കും അടുത്തമാസം മുതലുള്ള ഫസ്റ്റ്‌ബെല്ലിന്റെ സംപ്രേഷണം.