തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാൻ സാധിക്കില്ല; ജനജീവിതം സുഗമമാക്കുന്നതിനുള്ള ഇളവുകളുണ്ടാകുമെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരത്തിൽ നിയന്ത്രണങ്ങൾ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇളവുകളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
2800ൽ അധികം രോഗബാധിതരാണ് തിരുവനന്തപുരത്തുള്ളത്. അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോക്ക്ഡൗണിന്റെ ഭാഗമായി തലസ്ഥാന വാസികളും ജില്ലയിലെ ജനങ്ങളും നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായകമായിട്ടുള്ള ഇളവുകൾ നൽകേണ്ടതായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ടെയിൻമെന്റ് സോണുകളിൽ ശക്തമായ രക്ഷാ നടപടികൾ സ്വീകരിക്കും. കണ്ടെയിൻമെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ജനജീവിതം സാധാരണ ഗതിയിലാക്കാൻ സഹായകമാകുന്ന ഇളവുകൾ നൽകാൻ സാധിക്കുകയും വേണം. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വൈകിട്ട് ചീഫ് സെക്രട്ടറിയുമായുള്ള ചർച്ച നടക്കുക എന്നും മന്ത്രി പറഞ്ഞു.