കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് : കോഴിക്കോട് എൻജിനിയറിംഗ് പ്രവേശന പരീക്ഷ (കീം) എഴുതിയ ഒരു വിദ്യാർത്ഥിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മലബാർ ക്രിസ്ത്യൻകോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ പരീക്ഷ എഴുതിയ മറ്റൊരുവിദ്യാർത്ഥിക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മറ്റുജില്ലകളിൽ പരീക്ഷ എഴുതിയ ചില വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മകനുമായി എത്തിയ ഒരു രക്ഷിതാവിനും തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരുന്നു.
പരീക്ഷാ ദിവസം ചില പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിക്കാത്തതിന് കണ്ടാലറിയാവുന്ന 600 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ മ്യൂസിയം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.