സ്വപ്നസുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ്: അന്വേഷണ സംഘത്തിലെ ഒരാൾക്ക് കൊവിഡ്
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ പേരിലുളള വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് സമ്പർക്കം പുലർത്തിയ സി ഐ ഉൾപ്പെടെയുളള മൂന്നുപേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം ഉടൻ പരിശോധനയ്ക്ക് അയയ്ക്കും. സംഘത്തിലെ ഒരാൾ രോഗബാധിതനായത് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
അതേസമയം, ഇന്നും സംസ്ഥാനത്ത് നിരവധിപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെമാത്രം സംസ്ഥാനത്ത് 1167 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ന് രണ്ട് ഡോക്ർമാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സകരല്ലാത്ത ഡോക്ടർമാർക്ക് രോംഗം സ്ഥിരീകരിക്കുന്നതാണ് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നത്.