ആശങ്കയൊഴിയാതെ തലസ്ഥാനം; 213 പേർക്ക് കൊവിഡ്, 121 പേർക്ക് രോഗമുക്തി

Wednesday 29 July 2020 6:03 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 121 പേർക്ക് നെഗറ്റീവായി. ജില്ലയിലെ പത്ത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേനംകുളം കിൻഫ്രാ പാർക്കിൽ ജോലി ചെയ്യുന്ന 14 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നലെ എൺപതിലേറെ പേർക്ക് കിൻഫ്രയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡിന്റെ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാർ കോട്ട, പേരൂർക്കട ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടത്തെ കെ.എസ്.ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.