കൊവിഡിനെ തുരത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കണം: മന്ത്രി ശൈലജ

Thursday 30 July 2020 12:57 AM IST

തിരുവനന്തപുരം: സർക്കാരിനോട് സഹകരിച്ച് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാലെ കൊവിഡിൽ നിന്നും രക്ഷനേടാൻ കഴിയൂവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാനും കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. തുടക്കത്തിൽ ബഹുജന പിന്തണയോടെ നമ്മൾ കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറച്ചിരുന്നു. ലോകം മുഴുവൻ നമ്മെ പ്രശംസിച്ചു. എന്നാൽ ജൂൺ ആദ്യമായപ്പോൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വന്നു. പൊതുസ്ഥലത്ത് ആളു കൂടി. അതിർത്തി കടന്നുള്ള യാത്ര കൂടി. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നത് കുറഞ്ഞു. കൊവിഡ് വ്യാപനമുണ്ടായ മറ്ര് സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യ ലോറിയുമായി വന്നവരും ജോലിക്കെത്തിയവരും നിയന്ത്രണങ്ങൾ പാലിക്കാതിരുന്നത് വലിയ തിരിച്ചടിയായി. രോഗപകർച്ചയുടെ കണ്ണിപൊട്ടിക്കുകയാണ് ഏറ്റവും പ്രധാനം. സർക്കാർ അനുവിദിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല,​ ജീവന്റെ സുരക്ഷയെ കരുതി എല്ലാവരും വീട്ടിലിരുന്ന് ആരാധന നടത്തണം.വിവാഹ,​ മരണ ചടങ്ങുകൾക്ക് പോകാതിരിക്കണം. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.