ഇനി ബാറുകളിലും ക്വാർട്ടർ കിട്ടും

Thursday 30 July 2020 11:38 AM IST

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ വഴിമാത്രം ലഭിച്ചിരുന്ന ക്വാർട്ടർ അളവിലുള്ള മദ്യം ഇനി മുതൽ ബാറുകളിലൂടെ കിട്ടും. 180 മില്ലിലിറ്റർ ക്വാർട്ടർ മദ്യം വിൽക്കുന്നതിന് ബാറുകൾക്ക് അനുമതി നൽകിക്കൊണ്ട് ബെവ്കോ എം.ഡി ജി.സ്‌പർജൻ കുമാർ ഉത്തരവിറക്കി. 180 മില്ലി മദ്യം ബാറുകാർ ആവശ്യപ്പെടുന്നത് അനുസരിച്ച് നൽകണമെന്നാണ് വെയർഹൗസ് മാനേജർമാരോട് എം.ഡി നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ അവർ ഒരു ലിറ്റർ, അര ലിറ്റർ മദ്യം വാങ്ങിയ ശേഷം അത് ക്വാർട്ടറായി പകർന്നു നൽകുകയാണ് ചെയ്തുവന്നത്. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗണായതോടെ ബാറുകൾ പൂട്ടി. പിന്നീട് ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ തിരക്ക് കുറയ്ക്കുന്നതിനും സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാനുമുള്ള സൗകര്യം കണക്കിലെടുത്ത് ബാറുകൾ വഴിയും മദ്യം പാഴ്സലായി വിൽക്കാൻ അനുമതി നൽകുകയായിരുന്നു.