ഇന്ത്യയിൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്: ഐ എം എ കേരള വൈസ് പ്രസിഡന്റ്

Thursday 30 July 2020 12:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം എന്നത്തേക്ക് പിടിച്ച് നിറുത്താനാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. സെപ്തംബറിൽ രോഗഭീതി മാറുമെന്ന് പറയുന്നവരാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കൊവിഡിനെപ്പറ്റി ഒന്നും അറിയില്ല എന്ന് പറയുന്നതാകും ശരി. കൊവിഡിന്റെ രണ്ടാം തരംഗം ലോകത്താകമാനം വരാൻ സാദ്ധ്യതയുണ്ട്. ഇതിന് മുമ്പുള്ള പല മഹാമാരികളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. മുമ്പ് വന്ന പല മഹാമാരികളും ഏറ്റവും കൂടുതൽ പ്രശ്‌നം സൃഷ്‌ടിച്ചത് രണ്ടാം വരവിലായിരുന്നു. അങ്ങനെയാകണമെന്ന് നിർബന്ധമില്ലെങ്കിൽ പോലും രണ്ടാം വരവ് പ്രതീക്ഷിക്കുന്നുണ്ട്.

അമേരിക്കയും ആസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ അടുത്ത ലോക്ക്‌ഡൗണിനെപ്പറ്റിയുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലും രണ്ടാമതൊരു ലോക്ക്‌ഡൗൺ സാദ്ധ്യതയുണ്ട്. വരുന്നെങ്കിൽ അധികം നീളാതെ ഈ വർഷം തന്നെ രണ്ടാം തരംഗം ഉണ്ടാകും. പക്ഷേ, അത് എന്ന് വരുമെന്ന് കൃത്യമായി പറയാനാകില്ല. ഇപ്പോഴുള്ള ഡേറ്റ വച്ച് 2020ൽ കൊവിഡ് നിയന്ത്രിക്കാൻ പറ്റുമെന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. വാക്സിൻ കണ്ടുപിടിച്ചാലും അത് നല്ലൊരു വാക്‌സിൻ തന്നെയായിരിക്കണം. 2021ന്റെ പകുതിയോടെ കൊവിഡിനെ നിയന്ത്രിക്കാൻ പറ്റുമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അതുപോലും കൃത്യമാകണമെന്നില്ല. ഡോ. സുൽഫി നൂഹു 'ഫ്ലാഷി'നോട് സംസാരിക്കുന്നു:

കേന്ദ്ര സർക്കാരും ഐ.സി.എം.ആറും സമ്മതിക്കുന്നില്ല

സമൂഹ വ്യാപനം കേരളം മുഴുവൻ ഒരു പരിധി വരെയുണ്ട്. തിരുവനന്തപുരത്ത് രണ്ടിടത്തു മാത്രം അത് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്നേയുള്ളൂ. വലിയ ക്ലസ്റ്ററുകൾ രൂപപ്പെട്ട ഇടങ്ങളിലെല്ലാം സമൂഹ വ്യാപനം ചെറിയ തോതിൽ ഉണ്ടായിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമെല്ലാം സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട്. അത് ഔദ്യോഗികമായി സർക്കാരുകൾ പ്രഖ്യാപിക്കുന്നില്ലയെന്നതാണ് യാഥാർത്ഥ്യം. അത് തുറന്ന് സമ്മതിക്കാനുള്ള തന്റേടം സർക്കാരുകൾക്ക് വേണം. കേന്ദ്ര സർക്കാരും ഐ.സി.എം.ആറും ഒന്നും ഇത് സമ്മതിക്കുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നിൽ.

തലസ്ഥാനത്തെ കാരണം അതാണ്

ഉയർന്ന ജനസാന്ദ്രതയാണ് തലസ്ഥാനത്ത് രോഗവ്യാപനം ഉയരുന്നതിനുള്ള പ്രധാന കാരണം. ക്വാറന്റൈൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും ആരൊക്കെയോ ക്വാറന്റൈനിൽ ആയിരുന്നില്ല. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചിലർ അന്യസംസ്ഥാനത്തുള്ളവരുമായി ഇടപഴകുന്ന സാഹചര്യവുമുണ്ടായി. ഷോപ്പുകളിലെ ജനക്കൂട്ടത്തിന് നിയന്ത്രണമില്ലായിരുന്നു. മറ്റ് രാജ്യങ്ങളിലെ ജനസാന്ദ്രതയനുസരിച്ച് ഒരു മണിക്കൂറിൽ ഒരു ഷോപ്പിൽ നൂറിൽ ഇരുപത് പേരൊക്കെയാണ് വരുന്നതെങ്കിൽ ഇവിടെ ഒരു മണിക്കൂറിൽ രണ്ടായിരത്തിൽ ഇരുന്നൂറ് പേരായിരിക്കും എത്തുന്നത്. അതിവേഗമാണ് തലസ്ഥാനത്തെ കടലോര മേഖലയിൽ രോഗവ്യാപനം ഉണ്ടാകുന്നത്. ചിലയിടങ്ങളിൽ ആശുപത്രിതന്നെ രോഗ ഉറവിടമായി മാറുകയായിരുന്നു. തിരുവനന്തപുരത്തെ മാത്രം പ്രത്യേകതയല്ലിത്. മറ്റ് പല നഗരങ്ങളിലും രോഗ വ്യാപനം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഇവയൊക്കെയാണ്.

സർക്കാരുമായി തർക്കമില്ല

കഴിഞ്ഞദിവസവും സംസ്ഥാന സർക്കാരുമായി രണ്ട് മണിക്കൂറിലേറെ ഐ.എം.എ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഐ.എം.എ പറയുന്ന എല്ലാ കാര്യവും ഒരു സർക്കാരിനും അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ശാസ്ത്രീയമായി ഞങ്ങൾ നിരത്തിയ കാര്യങ്ങളിൽ എൺപത് ശതമാനവും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ബാർ അടയ്‌ക്കണമെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും സർക്കാർ അത് ചെയ്‌തില്ല. കാരണം സാമ്പത്തിക വരുമാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന് നോക്കേണ്ടതുണ്ട്.

സമ്പൂർണ ലോക്ക്ഡൗൺ പ്രതിവിധിയല്ല

കൊവിഡിനെ പിടിച്ചു നിറുത്താൻ സമ്പൂർണ ലോക്ക്ഡൗൺ ഒരു പ്രതിവിധിയല്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ട്. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടിയാൽ മാത്രമേ പോസിറ്റീവ് കേസുകൾ അറിയാൻ സാധിക്കുകയുള്ളൂ. അതനുസരിച്ച് വേണം ക്വാറന്റൈൻ നടപ്പാക്കേണ്ടത്. എല്ലാ ആശുപത്രികളിലും മുഴുവൻ ആരോഗ്യ പ്രവർത്തകരിലും പരിശോധന നടത്തേണ്ടതുണ്ട്. മൂന്ന് ലെയറായി ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ തരംതിരിക്കണം. അല്ലെങ്കിൽ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. പ്രതിദിന കേസുകളുടെ എണ്ണം മൂവായിരത്തിലേക്കും അയ്യായിരത്തിലേക്കും പോവുകയാണെങ്കിൽ മാത്രം ഒരു സമ്പൂർണ ലോക്ക്ഡൗണിനെപ്പറ്റി ആലോചിച്ചാൽ മതിയാകും.