കെ.എഫ്.സിക്ക് ലാഭം ₹18.37 കോടി; വായ്‌പാ വിതരണത്തിലും മികവ്

Friday 31 July 2020 3:32 AM IST

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി)​ 2019-20 സാമ്പത്തിക വർഷം 18.37 കോടി രൂപയുടെ ലാഭം നേടി. 2018-19ൽ ലാഭം 17.70 കോടി രൂപയായിരുന്നു. വായ്‌പാ ആസ്‌തി 24.88 ശതമാനവും വായ്‌പാ വിതരണം 77.27 ശതമാനവും വായ്‌പാ തിരിച്ചടവ് 20.32 ശതമാനവും വളർന്നു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 5.77 ശതമാനത്തിൽ നിന്ന് 4.74 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.82 ശതമാനത്തിൽ നിന്ന് 1.45 ശതമാനത്തിലേക്കും കുറ‍ഞ്ഞത് കെ.എഫ്.സിക്ക് നേട്ടമായി.

മൂലധന പര്യാപ്‌തതാ അനുപാതം (സി.ആർ.എ.ആർ)​ 22.40 ശതമാനമാണ്. റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ള കുറഞ്ഞ അനുപാതം ഒമ്പത് ശതമാനമാണ്. ഇന്നലെ ചേർന്ന വാർഷിക പൊതുയോഗം കണക്കുകൾ അംഗീകരിച്ചു. സംസ്ഥാനത്ത് വാർഷിക കണക്ക് ഓഡിറ്ര് ചെയ്‌ത് പ്രസിദ്ധീകരിച്ച ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി. റിസർവ് ബാങ്കിന്റെ നിർദേശമുള്ളതിനാൽ ഈവർഷത്തെ ലാഭവിഹിതം വിതരണം ചെയ്യേണ്ടെന്ന് യോഗം തീരുമാനിച്ചു.

ബേസ്‌ റേറ്ര് പലിശ സമ്പ്രദായം സ്വീകരിച്ചതും വിവിധ മേഖലകളിൽ നൂതന സംരംഭങ്ങൾക്ക് വായ്‌പ നൽകിയതും കഴിഞ്ഞവർഷത്തെ മികച്ച നേട്ടത്തിന് കരുത്തായെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജയ് കൗൾ പറഞ്ഞു. കെ.എഫ്.സിയുടെ മൊത്തം ആസ്‌തി 457.41 കോടി രൂപയിൽ നിന്നുയർന്ന് 584.75 കോടി രൂപയായിട്ടുണ്ട്. നടപ്പുവർഷത്തെ ബഡ്‌ജറ്രിൽ ധനമന്ത്രി തോമസ് ഐസക്,​ കെ.എഫ്.സിക്ക് 200 കോടി രൂപയുടെ അധിക മൂലധനം അനുവദിച്ചിരുന്നു. സ്‌റ്റാ‌ർട്ടപ്പുകൾക്കും എം.എസ്.എം.ഇകൾക്കും വിവിധ പദ്ധതികളിലൂടെ വായ്പാ വിതരണമാണ് നടപ്പുവർഷം ലക്ഷ്യമിടുന്നത്. വായ്‌പാ ആസ്‌തി ഈവർഷം 4,​000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.