ചെന്നിത്തല കോൺഗ്രസിനുളളിലെ ആർ.എസ് എസിന്റെ സർസംഘചാലകെന്ന് കോടിയേരി: വിമർശനം പാർട്ടി പത്രത്തിലെ ലേഖനത്തിൽ

Friday 31 July 2020 10:03 AM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിവമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ആർ എസ് എസുകാരേക്കാൾ അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ നന്നായി അണിയുന്നത് ചെന്നിത്തലയാണെന്നും കോൺഗ്രസിനുളളിലെ ആർ എസ് എസിന്റെ സർസംഘചാലകാണ് ചെന്നിത്തലയെന്നുമായിരുന്നു കോടിയേരിയുടെ പരിഹാസം. രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്തലാഖ് വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെയും ബി ജെ പിയേയും വിമർശിക്കുന്ന പാർട്ടി പത്രത്തിലെ ലേഖനത്തിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെയും വിമർശനമുളളത്. ചെന്നിത്തല ആർ എസ് എസിന്റെ മാനസപുത്രനെന്ന് അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.

"കൈപ്പത്തിയെ താമരയേക്കാൾ പ്രിയങ്കരമാക്കാനുളള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്.അയോദ്ധ്യയിൽ പളളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബി ജെ പിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽ ഡി എഫിനെയും വിശിഷ്യാ സി പി ഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്. ആർ എസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്–- - കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുളളിലെ ആർ എസ് എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്-കോടിയേരി ആരോപിക്കുന്നു.