കൊവിഡിൽ തളർന്ന് കായൽ ടൂറിസം
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടി കായൽ ടൂറിസത്തെയും പ്രതിസന്ധിയിലാക്കി. കായൽ സൗന്ദര്യം ആസ്വദിക്കാൻ ആർക്കുമെത്താൻ കഴിയുന്നില്ല. അതോടെ കുമരകത്ത് റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും പ്രതിസന്ധിയിലാണ്. ആറു മാസം മുമ്പുവരെ വിദേശ ടൂറിസ്റ്റുകൾ മുറികൾ ബുക്ക് ചെയ്തിരുന്നെങ്കിൽ ഇതുവരെ ആരും അന്വേഷണവുമായി പോലും എത്തിയിട്ടില്ല. ഈ അവസ്ഥ തുടർന്നാൽ കായൽ ടൂറിസം തകരുമോ എന്നാണ് ആശങ്ക. ഈ സ്ഥിതി എന്ന് അവസാനിക്കുമെന്ന് ആർക്കുമറിയില്ല.
25 റിസോർട്ടുകളാണ് കുമരകം മേഖലയിലുള്ളത്. ഇതിൽ പകുതിയും വൻകിട റിസോർട്ടുകളാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള റിസോർട്ടുകളിൽ ആരും എത്താതായതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് വൻകിട റിസോർട്ടുകൾ കൊവിഡ‌് ക്വാറന്റൈൻ കേന്ദ്രങ്ങൾക്കായി വിട്ടുനൽകിയിട്ടുണ്ട്. കുമരകത്ത് മാത്രം 85 ഹൗസ് ബോട്ടുകളാണുള്ളത്. ഇവ അനങ്ങാതെ കിടപ്പായിട്ട് നാലു മാസത്തിലധികമായി. ആലപ്പുഴയിലാവട്ടെ 800ഓളം ഹൗസ് ബോട്ടുകൾ ഉണ്ട്. കുമരകത്ത് മാത്രം നൂറോളം ശിക്കാര ബോട്ടുകളുണ്ട്. അത്രയുംതന്നെ മോട്ടോർ ബോട്ടുകളുമുണ്ട്. എല്ലാം കായലോരത്ത് നങ്കൂരമിട്ട് കിടക്കുകയാണ്.
ജീവനക്കാർ കഷ്ടത്തിലായി
വിദേശികൾ കൂടുതലായി എത്തുന്നത് ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. ഗ്രൂപ്പായിട്ടാണ് കൂടുതൽ വിദേശ ടൂറിസ്റ്റുകളും എത്തുന്നത്. ആസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, യു.കെ രാജ്യങ്ങളിൽ നിന്നാണ് കൂടുതലും എത്തുന്നത്. കൂടാതെ ആഭ്യന്തര ടൂറിസ്റ്റുകളും ധാരാളമായി എത്തിയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം തുടങ്ങിയതോടെ ടൂറിസ്റ്റുകളെ വരവും നിലച്ചു. ഒരു മുറിയുള്ള ഹൗസ് ബോട്ടിന് ചെലവ് 35 ലക്ഷം രൂപയാണ്. ഏഴ് മുറികളുള്ള ഹൗസ് ബോട്ടിന് ഒരു കോടി രൂപ ചെലവുവരും. മിക്കവരും ബാങ്കുകളിൽ നിന്ന് ലോൺ എടുത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഒരു ബോട്ടിന് ശരാശരി മൂന്ന് ജോലിക്കാരാണുള്ളത്. മുന്നൂറോളം ജീവനക്കാരാണ് കുമരകത്ത് മാത്രം ഉള്ളത്. ഹൗസ് ബോട്ടുകൾ ചലിക്കാതായതോടെ ജീവനക്കാർ കൂലിപ്പണിക്കും മറ്റും പോയിതുടങ്ങിയെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി സെക്രട്ടറി ഹണി ഗോപാൽ പറഞ്ഞു. ഹൗസ് ബോട്ടുകൾ മാസങ്ങളായി പ്രവർത്തിക്കാതിരിക്കുന്നതോടെ അറ്റകുറ്റപ്പണികളും കൂടുതലാണ്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളിൽ 60 ശതമാനവും വിദേശിയരാണ്. കഴിഞ്ഞ സീസണിൽ വെള്ളപ്പൊക്കം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും മൂന്നു മാസം കൊണ്ട് ഒരുവിധം കരകയറിയിരുന്നു. 2018ൽ നിപ വൈറസ് ഭീഷണിയെ തുടർന്ന് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയുണ്ടായി. എന്നാൽ നിപ വേഗം നിയന്ത്രണ വിധേയമാക്കാനായത് പ്രതിസന്ധിയുടെ ആഘാതം കുറച്ചു.
പ്രളയവും നിപയും കഴിഞ്ഞപ്പോൾ ടൂറിസ്റ്റുകളുടെ വരവ് ശക്തമായി. കഴിഞ്ഞ ഡിസംബറിൽ ഹൗസ് ബോട്ടുകൾ ലഭിക്കാനില്ലാത്ത അവസ്ഥയുണ്ടായി. എല്ലാമൊന്ന് ശരിയായി വരുന്നതിനിടെയാണ് കൊവിഡ് എത്തിയത്. രണ്ട് വർഷത്തോളമായി ടൂറിസം മേഖലയിൽ വിദേശ സഞ്ചാരികളുടെ വരവിൽ വലിയ കുറവാണ് അനുഭവപ്പെടുന്നതെന്ന് ഡി.ടി.പി.സി വ്യക്തമാക്കുന്നു.