'പ്രായം വെറുമൊരു നമ്പറല്ലേ'; 96-ാം വയസിൽ ഡിഗ്രിയെടുത്ത് പറ്റേർണോ

Saturday 01 August 2020 12:39 AM IST

റോം: പഠിക്കാൻ പറ്റിയ പ്രായമേതാണ്? ഇറ്റലിയിലെ ഗിസെപ്പെ പറ്റേർണോയോടാണ് ചോദ്യമെങ്കിൽ കക്ഷി തന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉയർത്തിക്കാണിച്ചു തരും. അതും 96-ാം വയസിൽ നേടിയ ഇരട്ട ബിരുദ സർട്ടിഫിക്കറ്റ്. ഒരൽപ്പം മാർക്ക് കുറഞ്ഞാൽ, ഒരു വിഷയത്തിന് തോറ്റാൽ പിന്നെ എല്ലാം തീർന്നു എന്ന് കരുതുന്നവർ ഈ വൃദ്ധന്റെ ജീവിതം അറിഞ്ഞിരിക്കണം.

ദാരിദ്ര്യം നിറഞ്ഞ ബാല്യവും ജീവിക്കാനുള്ള തത്രപ്പാടും ഒക്കെ ചേർന്ന് പറ്റേർണോയുടെ വിദ്യാഭ്യാസം പ്രാഥമിക പഠനത്തിൽ ഒതുക്കിയിരുന്നു. അവിടുന്ന് നേരെ പോയത് പട്ടാളത്തിൽ ചേരാൻ. രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്തു. യുദ്ധം തീർന്നതോടെ റെയിൽവേയിൽ ജോലി നേടി. പിന്നെ വിവാഹം, കുട്ടികൾ, പ്രാരാബ്ദം ഒക്കെയായി ജീവിതം മുന്നോട്ടു പോകുമ്പോഴും ഉന്നത വിദ്യാഭ്യാസം നേടുകയെന്ന മോഹം പെറ്റേർണോ ഉപേക്ഷിച്ചില്ല.

31-ാമത്തെ വയസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പുസ്തകങ്ങൾ ഏറെ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പെറ്റേർണോ വീണ്ടും പഠിക്കാൻ തീരുമാനിച്ചത് 2017ലാണ്. വീട്ടുകാരും പിന്തുണ നൽകി. 1984ൽ റെയിൽവേയിൽ നിന്ന് വിരമിക്കുമ്പോൾ അമ്മ സമ്മാനമായി നൽകിയ ആ പഴയ ടൈപ്പ്റൈറ്ററിലാണ് പെറ്റേർണോ തന്റെ തീസിസുകൾ തയാറാക്കിയത്. എന്നെക്കൊണ്ട് സാദ്ധ്യമായ കാര്യമാണെങ്കിൽ എന്തിന് പരിശ്രമിക്കാതെ മാറി നിൽക്കണം എന്ന ചിന്തയാണ് ഇവിടെ എത്തിച്ചത് എന്നാണ് ബിരുദ ദാന ചടങ്ങിനു ശേഷം പെറ്റേർണോ പറഞ്ഞത്. 'അൽപ്പം വൈകിയാണെങ്കിലും ബിരുദം നേടിയതിൽ സന്തോഷം. അറിവെന്നത് ഒരു സ്യൂട്ട്കേസ് പോലെയാണ്. അത് നമുക്കു തന്നെ എവിടെയും കൊണ്ടുപോകാം" എന്നും പെറ്റേർണോ പറയുന്നു.

ബിരുദം നേടിയല്ലോ ഇനി എന്താ പ്ളാൻ എന്നു ചോദിച്ചാൽ എഴുത്തിന്റെ ലോകത്ത് എന്നാണ് ഈ 'ചെറുപ്പക്കാരന്റെ' മറുപടി.