ചെന്നിത്തല കോൺഗ്രസിലെ ആർ.എസ്.എസ് സർസംഘ ചാലക്: കോടിയേരി
തിരുവനന്തപുരം: കോൺഗ്രസിലെ ആർ.എസ്.എസ് സർസംഘ ചാലകായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.. ചെന്നിത്തലയുടെ പിതാവ് ആർ.എസ്.എസ് അനുഭാവിയാണെന്നും പാർട്ടി മുഖപത്രത്തിലെലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
ബി.ജെ.പിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽ.ഡി.എഫിനെയും സി.പി.എമ്മിനെയുമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ്അവർ ഉത്സാഹിക്കുന്നത്. ചെന്നിത്തലയ്ക്ക് വേണ്ടി ബി.ജെ.പി മുഖപത്രം വക്കാലത്തെടുത്തത് വെറുതെയല്ല. ആർ.എസ്.എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിലണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പ് ചെന്നിത്തല ആവർത്തിക്കുമെന്നും കോടിയേരി കുറ്റപ്പെടുത്തി.
ശ്രമം ന്യൂനപക്ഷ
വോട്ടിന് : കെ. സുരേന്ദ്രൻ
ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ കോടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണമുന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയതലത്തിൽ നിലനിൽപ്പ് നഷ്ടപ്പെട്ട സി.പി.എമ്മും കോൺഗ്രസും പിടിച്ചുനിൽക്കാൻ ബംഗാളിലുണ്ടാക്കിയ പരസ്യസഖ്യം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതാണ് വാസ്തവം.രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഇടതു സർക്കാരിന്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി.പി.എം സർക്കാരുകളാണ്. ടി.പി വധക്കേസിൽ സി.പി.എമ്മിന്റെ ഉന്നതർ രക്ഷപ്പെട്ടത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കോടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരുമറിയില്ലെന്ന് ധരിക്കരുത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം ,കോൺഗ്രസ് സഖ്യചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിന്റെ പേരിലാണ്-സുരേന്ദ്രൻ പറഞ്ഞു.
എസ്.ആർ.പിയെ ചൂണ്ടി
തിരിച്ചടിച്ച് കോൺഗ്രസ്
ചെന്നിത്തല ആർ.എസ്.എസിന്റെ സർസംഘചാലക് ആണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനപരാമർശത്തിന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുടെ പഴയ ആർ.എസ്.എസ് ബന്ധം പറഞ്ഞ് കോൺഗ്രസിന്റെ തിരിച്ചടി. ബി.ജെ.പി മുഖപത്രത്തിൽ ഇന്നലെ വന്ന ലേഖനത്തിലെ പരാമർശമാണ് കോൺഗ്രസ് പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആയുധമാക്കിയത്. എസ്.ആർ.പി മുമ്പ് ആർ.എസ്.എസ് ശാഖയിൽ പോകുമായിരുന്നെന്നായിരുന്നു വാർത്തയിൽ. രമേശ് ചെന്നിത്തലയുടെ ബന്ധവും ഇതേ ലേഖനത്തിലുണ്ട്.