പരീക്ഷ റദ്ദാക്കിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ: സിംഗ്‌വി

Saturday 01 August 2020 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സർവകലാശാലകളിലും സെപ്തംബർ അവസാനത്തോടെ അവസാനവർഷ പരീക്ഷകൾ നടത്തമെന്ന യു.ജി.സിയുടെ സത്യവാങ്മൂലത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകൻ ഡോക്ടർ എ.എം. സിംഗ്‌വി. രാജ്യത്ത് കൊവിഡും പ്രളയവും മൂലം ജനങ്ങൾ ജീവനും ജീവിതത്തിനുമായി പോരാടുമ്പോൾ പരീക്ഷ റദ്ദാക്കിയാൽ ആകാശം ഇടിഞ്ഞ് വീഴുമോയെന്ന് വിദ്യാർത്ഥികൾക്കായി ഹാജരായ സിംഗ്‌വി വാദിച്ചു.

പരീക്ഷകൾ നടത്തിയില്ലെങ്കിൽ അത് അപരിഹാര്യമായ പിഴവായി മാറുമെന്നും വിദ്യാർത്ഥികളുടെ നിലവാരം മൂല്യനിർണയം നടത്തുന്നതിനുള്ള ഏക മാർഗം പരീക്ഷയാണെന്നും യു.ജി.സിയും കേന്ദ്ര സർക്കാരും സത്യവാങ്മൂലത്തിലൂടെ എതിർവാദമുയർത്തു.

കേസ് ആഗസ്റ്റ് പത്തിലേക്ക് സുപ്രീംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് അംഗീകരിച്ചില്ല.ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ആഗസ്റ്റ് മൂന്നിന് മറുപടി അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പരീക്ഷയ്ക്ക് തയാറെടുക്കേണ്ടെന്ന ധാരണ വിദ്യാർത്ഥികൾക്ക് വേണ്ടെന്ന് യു.ജി.സി വ്യക്തമാക്കി.