കെ.എസ്.ഡി.പിയിൽ 15 കോടിയുടെ ജർമ്മൻ മെഷീൻ

Saturday 01 August 2020 12:00 AM IST

ആലപ്പുഴ: പൊതുമേഖലാ മരുന്ന് നിർമ്മാണ സ്ഥാപനമായ കലവൂർ കെ.എസ്.ഡി.പിയിലെ പുതിയ പ്ളാൻറ്റിൽ ആന്റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകളും ഗ്ളൂക്കോസും നിർമ്മിക്കാനുള്ള,15 കോടിയുടെ ജർമ്മൻ നിർമ്മിത റൊമലാഗ് മെഷീൻ നവംബറിൽ സ്ഥാപിക്കും. ഗുണനിലവാരമേറിയ മരുന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.

മരുന്നിനൊപ്പം ബോട്ടിലുകളും (പൊളിത്തീൻ കുപ്പി) നിർമ്മിച്ച്, മരുന്ന് നിറച്ച് ലേബൽ പതിച്ച് പുറത്തേക്ക് വരുന്ന മെഷീനാണിത്. മനുഷ്യ സ്പർശമേൽക്കില്ല.ഇൻജക്ഷൻ മരുന്നിന് പുറമെ ഗ്ളൂക്കോസും ഉത്പാദിപ്പിക്കാം.500 മില്ലി വരെയുള്ള ഇൻജക്ഷൻ ബോട്ടിലുകളാവും പുറത്തിറക്കുക. കേരളത്തിലെ മറ്റു മരുന്നു കമ്പനികൾക്ക് ഈ സംവിധാനമില്ല. 50 കോടിയാണ് ചെലവ്. പ്രധാന ഫോർമുലേഷൻ പ്ളാന്റ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് പുതിയ പ്ളാന്റ് . ഒഫ്താൽമിക് (കണ്ണ് രോഗങ്ങൾ) ആവശ്യങ്ങൾക്കുള്ള സിറപ്പ് നിർമ്മിക്കാനുള്ള യൂണിറ്റും തുടങ്ങുന്നുണ്ട്.

വിറ്റുവരവ്

500 കോടിയിലേക്ക്

പുതിയ പ്ളാന്റുകൾ പ്രവർത്തനസജ്ജമാവുന്നതോടെ വാർഷിക വിറ്റുവരവ് 500 കോടിയാണ് ലക്ഷ്യം.കഴിഞ്ഞ വർഷത്തെ വിറ്റ്വരവ് 72 കോടി.

സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 20 ശതമാനത്തോളം മരുന്നാണ് കെ.എസ്.ഡി.പി നിർമ്മിക്കുന്നത് ചെയ്യുന്നത്. 157 മരുന്നുകൾ ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് സ്ഥാപനത്തിനുണ്ട്. ആന്റി ബയോട്ടിക്, പാരസെറ്റമോൾ,കഫ് സിറപ്പ്,ഇൻജക്ഷൻ മരുന്നുകൾ ഉൾപ്പെടെ 58 ഇനങ്ങളാണ് ആരോഗ്യ വകുപ്പിന് നൽകുന്നത്. കൂടുതൽ മരുന്നുകൾ കെ.എസ്.ഡി.പിയിൽ നിന്ന് വാങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സർക്കാരുകളും കെ.എസ്.ഡി.പിയുടെ മരുന്നുകൾ വാങ്ങുന്നുണ്ട്.

'മരുന്നുകൾക്ക് പുറമെ സാനിട്ടൈസർ, മാസ്കുകൾ തുടങ്ങിയവയും ഉത്പാദിപ്പിച്ചു .സർക്കാരിന്റെയും തൊഴിലാളികളുടെയും സഹകരണത്തോടെ വിറ്റുവരവ് ഉയർത്തുകയാണ് ലക്ഷ്യം.'

-സി.ബി.ചന്ദ്രബാബു

ചെയർമാൻ,

കെ.എസ്.ഡി.പി