ട്രെയിനുകൾക്കൊപ്പം നിശ്ചലമായി റെയിൽവേ കരാർ തൊഴിലാളികളുടെ ജീവിതം
പാലക്കാട്: കൊവിഡിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചതിനൊപ്പം റെയിൽവേ കരാർ തൊഴിലാളികളുടെ ജീവിതവും നിശ്ചലമായി. പാലക്കാട് ഡിവിഷന് കീഴിൽ 5000ത്തിൽ അധികം കരാർ തൊഴിലാളികളുണ്ട്. പാലക്കാട് ദംഗ്ഷൻ സ്റ്റേഷനിൽ മാത്രം 250 പേരുണ്ട്.
കോച്ചിംഗ് ക്ലീനിംഗ് സ്റ്റാഫ്, പാർസൽ ബോക്സ് ബോയ്സ്, ബെഡ് റോൾ, റണ്ണിംഗ് റൂം തൊഴിലാളികൾ എന്നീ തസ്തികകളിലാണ് ഇവർ ജോലി ചെയ്യുന്നത്. നാലര മാസത്തോളമായി ജോലിയില്ലാതെ ഓരോ ദിവസവും ദുരിത പൂർണമായാണ് ഇവർ തള്ളി നീക്കുന്നത്. പലരും ജീവിക്കാനായി മറ്റുമാർഗം തേടുകയാണിപ്പോൾ.
സ്റ്റാളുകാരും പട്ടിണിയിൽ
സ്റ്റേഷനുകളിൽ സ്റ്റാളുകൾ നടത്തിയിരുന്നവരും ഏറെ ബുദ്ധിമുട്ടിലാണ്. ഡിവിഷന് കീഴിൽ 130 സ്റ്റാളുകളുണ്ട്. ഭൂരിഭാഗവും കാറ്ററിംഗ്, പഴം, ബുക്ക് സ്റ്റാളുകൾ എന്നിവയാണ്. ജൂലായിൽ ലൈസൻസ് ഫീസ് പുതുക്കുന്നതിന് 3% കുറവ് വരുത്തിയെങ്കിലും ആരും മുന്നോട്ടുവന്നില്ല.
ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് വേതനം നൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ടെങ്കിലും കരാർ ഏജൻസികൾ ഇതുവരെ ഇത് പാലിച്ചിട്ടില്ല.
ടി.കെ.അച്യുതൻ, സംസ്ഥാന ജന.സെക്രട്ടറി, റെയിൽവേ കോൺട്രാക്ട് കാറ്ററിംഗ് ജനറൽ വർക്കേഴ്സ് യൂണിയൻ.