ശിവശങ്കറിന് ലോക്ക‌ർ കുരുക്കും; ഒരു കോടിയും സ്വർണവും സ്വർണക്കടത്തിന്റെ പ്രതിഫലമെന്ന് എൻ.ഐ.എ

Saturday 01 August 2020 10:42 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നയ്ക്കൊപ്പം ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. ഐ. എക്ക് നൽകിയ മൊഴി ശിവശങ്കറിന് കുരുക്കായേക്കും.

സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് എൻ.ഐ.എയുടെ നിഗമനം. ഈ ലോക്കറുകളുമായി ശിവശങ്കറിനെ ബന്ധപ്പെടുത്തുന്നതാണ് തിരുവനന്തപുരത്തെ പ്രമുഖനായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ. ശിവശങ്കറിന്റെയും സ്വപ്നയുടെയും ആദായനികുതി റിട്ടേണുകളടക്കം കൈകാര്യം ചെയ്‌തിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത എൻ. ഐ. എ, ഇയാളുടെ ഓഫീസിൽ റെയ്ഡ് നടത്തി രേഖകളും പിടിച്ചെടുത്തിരുന്നു.

സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും താൻ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മാത്രമാണ് പ്രവർത്തിച്ചതെന്നും പറഞ്ഞ് ഒഴിയുകയാണ് അക്കൗണ്ടന്റ്. ലോക്കറിലെ പണവും ആഭരണവും ശിവശങ്കറിന്റെ അറിവിലുള്ളതായിരുന്നെന്ന് സാരം.

അറ്റാഷെയുടെ അറിവോടെ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പ്രതിഫലമാണ് ലോക്കറിലെ പണമെന്നും ആഭരണങ്ങൾ വിവാഹത്തിന് വീട്ടുകാ‌ർ നൽകിയതാണെന്നുമാണ് സ്വപ്നയുടെ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്ന് കസ്റ്റംസും എൻ.ഐ.എയും പറയുന്നു. കാരണം, ലോക്കറിലുണ്ടായിരുന്നത് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്.

പണവും സ്വ‌ർണവും ലോക്കറിൽ നിക്ഷേപിച്ചത് ശിവശങ്കറിന്റെ അറിവോടെയാണെന്ന് എൻ.ഐ.എ കണ്ടെത്തിയാൽ സ്വർണക്കടത്തും അദ്ദേഹം അറിഞ്ഞിരുന്നു എന്നതിന് തെളിവാകും. ലോക്കർ ആരൊക്കെ തുറന്നു എന്നതിന്റെ ബാങ്ക് രേഖ എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ലോക്കർ തുറക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമാവും.

കസ്റ്റംസിനും പിടിവള്ളി

സ്വർണക്കടത്തിലൂടെ കിട്ടിയ പണമാണ് ലോക്കറിലേതെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസിന് ശിവശങ്കറിനെതിരെ കോടതിയിൽ റിപ്പോർട്ട് നൽകാം. ഐ.പി.സി, സി.ആർ.പി.സി ചട്ടങ്ങൾ കസ്റ്റംസിന് ബാധകമല്ല. കസ്റ്റംസ് ആക്ട് പ്രകാരം സാഹചര്യതെളിവുകളുണ്ടെങ്കിലും കുറ്റം ചുമത്താം. ഏഴു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്താം.

ഇ.ഡിയുടെ കുരുക്ക്

ബിനാമി, കള്ളപ്പണം, ഹവാലാ ഇടപാടുകൾ തിരയുന്ന എൻഫോഴ്സ്‌മെന്റ് സ്വപ്നയുടെ സ്വത്തിന്റെയും പണം വരവിന്റെയും കണക്കെടുക്കുന്നുണ്ട്. ശിവശങ്കറിന്റെ സ്വത്തുവകകളും അന്വേഷണമുണ്ട്. വരവിൽക്കവിഞ്ഞ് 20 ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് പരിശോധിക്കാം. സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കാം.