കസ്റ്റഡിയിലിരിക്കെ യുവാവിന്റെ മരണം: വനപാലകരെ അറസ്റ്റുചെയ്യാതെ സംസ്കരിക്കില്ലെന്ന് കുടുംബം

Sunday 02 August 2020 12:05 AM IST

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽവീണ് മരിച്ചനിലയിൽ കാണപ്പെട്ട ചിറ്റാർ കുടപ്പന മത്തായി (പൊന്നു-41) യുടെ മൃതദേഹം, പ്രതികളെ പിടികൂടാതെ സംസ്കരിക്കില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും. വനപാലകരാണ് മരണത്തിനുത്തരവാദികളെന്നും നീതി കിട്ടിയില്ലെങ്കിൽ കുട്ടികളുമായി ജീവനൊടുക്കുമെന്നും ഷീബ പത്രസമ്മേളനത്തിൽ പറഞ്ഞു. വനാതിർത്തിയിലെ കാമറ തകർത്തെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഏഴംഗ വനപാലകസംഘം മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. അന്ന് രാത്രി എട്ടുമണിയോടെയാണ്

മൃതദേഹം കുടപ്പനയിൽ ഇവരുടെ കുടുംബവീടിനു സമീപമുള്ള കിണറ്റിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് മുങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന പ്രകാരം മുങ്ങിമരണമാണെന്ന് അംഗീകരിച്ച് സംസ്‌കാരം നടത്തില്ലെന്ന് ഷീബ പറഞ്ഞു. ഇതിനു പിന്നിലെ ദുരൂഹത മാറണം. ഭാര്യയും രണ്ട് പെൺകുട്ടികളും വയോധികയായ മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും വിധവയായ മറ്റൊരു സഹോദരിയും അവരുടെ രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഫാം ഉടമയായ മത്തായി. നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷൻ ജോണി കെ.ജോർജ് പറഞ്ഞു. മത്തായിയുടേത് കസ്റ്റഡി മരണമാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

------------

ഏഴുപേരെ സ്ഥലംമാറ്റി

പത്തനംതിട്ട: മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ട സംഭവവുമായി ബന്ധപ്പെട്ട് വടശേരിക്കര റേഞ്ച് ഒാഫീസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ വനംവകുപ്പ് സ്ഥലംമാറ്റി. റേഞ്ച് ഒാഫീസർ വേണുകുമാറിനെ അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളിലേക്കും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ആർ. രാജേഷ് കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. ഫോറസ്റ്റ് സ്റ്റേഷൻ സെക്‌ഷൻ ഒാഫീസർ എ.കെ. പ്രദീപ്കുമാർ, ബീറ്റ് ഒാഫീസർമാരായ എൻ.സന്തോഷ്, വി.എം. ലക്ഷ്മി, ടി. അനിൽകുമാർ എന്നിവരെ കരികുളം റേഞ്ചിലേക്കും ട്രൈബൽ വാച്ചർ ഇ. പ്രദീപ്കുമാറിനെ ളാഹയിലേക്കും മാറ്റി.

മത്തായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതെയും മഹസറും ഒഫൻസ് രജിസ്റ്ററും തയ്യാറാക്കാതെയും തെളിവെടുപ്പ് നടത്തിയതിൽ റേഞ്ച് ഒാഫീസറക്കം വൻ വീഴ്ച വരുത്തിയെന്ന ദക്ഷിണമേഖല ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. റാന്നി ഡി.എഫ്.ഒയ്ക്കെതിരെയും സ്ഥലംമാറ്റ നടപടി ഉണ്ടാകുമെന്നാണ് സൂചന.